അങ്കമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ വൈദ്യുതി കെടുത്തി തിരി കത്തിച്ച് പ്രതിഷേധിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി 7 മണി മുതൽ 7:15 വരെ വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകൾ അണച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. അമിത ചാർജ് രേഖപ്പെടുത്തിയ കെ.എസ്.ഇബി ബില്ലുകൾ പിൻവലിക്കുക,താരിഫ് റേറ്റ് കാലോചിതമായി പരിഷ്‌കരിക്കുക, ഫിക്‌സഡ് ചാർജ് നിർത്തലാക്കുക, മീറ്റർ റീഡിംഗ് മാസം തോറും എടുക്കുക,ലോക്ക്ഡൗൻ മുഖാന്തിരം കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ അശോകൻ, സെക്രട്ടറി സാബു ജോസ്, ജോ.സെക്രട്ടറി വി.എ ജോണി ട്രഷറർ ലിക്‌സൺ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.