കൊച്ചി: സൂര്യഗ്രഹണം കാർമേഘത്തിൽ മുക്കി ഇന്നലെ ജില്ലയൊട്ടാകെ കനത്ത മഴ പെയ്തു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ഇന്നലെ രാവിലെ മുതൽ കനത്തും ചില സമയങ്ങളിൽ ചെറുചാറ്റലായും മഴ വിട്ടുമാറാതെ നിന്നു. ജൂൺ 22, 25, എന്നീ ദിവസങ്ങളിലും ജില്ലയ്ക്ക് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5മില്ലി മീറ്റർ മുതൽ 115.5മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 11. 40ന് മഴയ്ക്കിടയിലും സൂര്യഗ്രഹണം നിമിഷനേരത്തേക്ക് ദർശിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ശാസ്ത്രകുതുകികൾ. എക്കൽ അടിഞ്ഞു കിടക്കുന്നതിനാൽ വരും ദിവസങ്ങളിൽ മഴ കനക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പുഴയോരത്ത് താമസിക്കുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശം നൽകി. തീരദേശത്ത് കടലാക്രമണ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.