മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതു മൂലം തൊഴിൽ മേഖല സ്തംഭനാവസ്ഥയിൽ. കൊവിഡ് മഹാമാരിയുടെ ഭീതിയെ തുടർന്നാണ് അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇതോടെ കാർഷിക മേഖലയിലുൾപ്പടെ തൊഴിലാളി ക്ഷാമം രൂക്ഷമായി. ഇത് മുന്നിൽ കണ്ട് കാർഷിക മേഖലയിൽ ചെറുകിട കർഷകർ ചേർന്നു പരസ്പര സഹായ സംഘങ്ങൾ രൂപീകരിച്ച് ബദൽ മാർഗങ്ങൾ തേടിയിയെങ്കിലും ഫലപ്രദമായില്ല. വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചതോടെ മൂവാറ്റുപുഴയിൽനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് പോയത്. ഇതിനു പുറമെ ബസ് പിടിച്ചും തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു.ഇതുമൂലം പ്ലെെവുഡ് ഉൾപ്പടെയുള്ള വ്യവസായ, നിർമാണ, വ്യാപാര, കാർഷിക മേഖലയിൽ തൊഴിൽ ചെയ്യാൻ ആളില്ലാതായി .അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിന് വാടകക്ക് നൽകാനായി നിരവധി കെട്ടിടങ്ങളാണ് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും പണികഴിപ്പിച്ചിട്ടുള്ളത്. തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ വാടകവാങ്ങി ജീവിച്ചവരുടേയും, ഗ്രാമ നഗരങ്ങളിലെ ചെറുകിട കച്ചവടക്കാരുടേയും ജീവിതം വഴിമുട്ടയതായും പറയപ്പെടുന്നു. തൊഴിലാളികളെ കൂട്ടമായി നാടുകളിലേക്കു വിടുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷനുകളും കാർഷിക സംഘടനകളും പൊലീസിനു നിവേദനം നൽകിയിരുന്നു.


#പൈനാപ്പിൾ കൃഷിയ്ക്ക് ആളില്ല

തൊഴിലാളി ക്ഷാമം പൈനാപ്പിൾ കൃഷിയ്ക്കാണ് വലിയ തിരിച്ചടി നേരിടുന്നത്. പൈനാപ്പിൾ വിളവെടുക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയിലാണ് . തൊഴിലാളികളില്ലാത്തതിനാൽ 500 ഏക്കർ ഭൂമിയിലെ പൈനാപ്പിൾ കൃഷി കർഷകർ നിർത്തിയിട്ടിരിക്കുകയാണ്. കൊവിഡ്-19 വ്യാപനത്തിനു മുൻപ് കൃഷി ചെയ്യാൻ പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി ആരംഭിക്കാൻ കർഷകർക്ക് കഴിയുന്നില്ല . ആയിരക്കണക്കിന് തൊഴിലാളികളാണ് ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രം പൈനാപ്പിൾ കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്നത്. ഇവരെല്ലാം വടക്കേ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു.ഇതിൽ 16000 പേർ നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു.