പള്ളുരുത്തി: മഴ കനത്തതോടെ ചെല്ലാനത്ത് കടലിന്റെ താണ്ഡവം തുടരുന്നു. കടൽഭിത്തിക്ക് പകരം നിർമിച്ച ജിയോ ബാഗുകൾ കടലെടുത്തു. ഇതിനായി കൊണ്ടുവന്ന മെഷിൻ കടൽ തകർത്തു. കാലവർഷം ആരംഭിച്ചതോടെ തീരദേശവാസികൾ ദുരിതത്തിലാണ്. കടൽവെള്ളം വീടുകളിൽ അടിച്ച് കയറുന്നതോടെ പലരും ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. സൗദി മാനാശേരി കടപ്പുറം മുതൽ ചെറിയ കടവ്, കണ്ണമാലി, ബസാർ, കാട്ടിശേരി, വേളാങ്കണ്ണി, തെക്കെ ചെല്ലാനം തുടങ്ങിയ മേഖലയിലെ തീരദേശവാസികളുടെ ഉള്ളിൽ തീയാണ്. രാത്രി ഉറക്കമിളഞ്ഞിരുന്നാണ് പലരും കുട്ടികളെ സംരക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ശക്തമായടിച്ച തിരമാലയിൽ വീടുകളിലെ നിർമ്മാണ സാമഗ്രികളക്കം ഒഴുക്കിക്കൊണ്ട് പോയി.പാത്രങ്ങളും മറ്റും ഇതിൽപ്പെടും. ഫോർട്ടുകൊച്ചി മുതൽ തെക്കെ ചെല്ലാനം വരെ ദ്രോണാചാര്യ മോഡലിൽ കടൽഭിത്തി നിർമ്മിക്കണമെന്ന തീരദേശവാസികളുടെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികാരികൾ ഇതൊന്നും ചെവികൊള്ളുന്നില്ല. ഫോർട്ടുകൊച്ചി ബീച്ചിലെ ഫുട്പാത്തുകൾ പലതും കടലെടുത്തു. പുലിമുട്ടുകളും പലതും വീശിയടിക്കുന്ന തിരമാലയിൽ തകർന്നിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഫോർട്ടുകൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങിഭാഗങ്ങകലെ ചീനവലകളും തരിപ്പണമായി. സൗദി മാനാശേരിയിലെ വഞ്ചി ഇറങ്ങുന്ന ഗ്യാപ്പിൽ നിന്ന് കടൽവെള്ളം റോഡിലേക്ക് അടിച്ചു കയറിയതിനാൽ റോഡ് മുഴുവൻ കടൽവെള്ളമായി.ഇതിനെ തുടർന്ന് ഇന്നലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.