ആലുവ: ബൈക്ക് യാത്രികനെ മുഖംമൂടി സംഘം വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി ആക്ഷേപം. കുട്ടമശേരി ചാലക്കൽ കൊല്ലംകുടിവീട്ടിൽ രജിത്തിനെ (36) ജൂൺ 16ന് രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ എട്ടംഗസംഘം ആലുവ യു.സി കോളേജിന് സമീപം വച്ചാണ് ആക്രമിച്ചത്.

തീവ്രവാദ സ്വഭാവമുള്ള കേസായതിനാൽ അതീവ ജാഗ്രതയോടെ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്. ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ 15 അംഗ സംഘത്തെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതികളെ സംബന്ധിച്ച സൂചയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അഞ്ച് ദിവസം പിന്നിട്ടിട്ടും പിടികൂടാനായിട്ടില്ല.

അതിനിടെ പ്രതികളെത്തിയ ഇരുചക്ര വാഹനങ്ങളുടേത് വ്യാജ നമ്പറുകളാണെന്ന് വ്യക്തമായിരുന്നു. മൂന്ന് ഇരുചക്ര വാഹനങ്ങളിൽ രണ്ടെണ്ണത്തിന്റെ നമ്പറുകളാണ് സി.സി ടി.വി ദൃശ്യത്തിൽ നിന്ന് വ്യക്തമായത്.

രജിത്തിനെ സന്ദർശിച്ചു

ആലുവ: തീവ്രവാദികളുടെതെന്ന് സംശയിക്കുന്ന സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ രജിത്തിനെ എസ്.എൻ.ഡി.പി യോഗം നേതാക്കൾ വീട്ടിൽ സന്ദർശിച്ച് പിന്തുണയറിയിച്ചു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, മേഖല കൺവീനർ സജീവൻ ഇടച്ചിറ, ശാഖ പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ എന്നിവരാണ് സന്ദർശിച്ചത്.

ആലുവ ശ്രീനാരായണ ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ എന്നിവരും രജിത്തിനെ വീട്ടിലെത്തി സന്ദർശിച്ച് പിന്തുണയറിയിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണനും രജിത്തിനെ സന്ദർശിച്ചിരുന്നു.