• നഗരസഭ അറിഞ്ഞതേയില്ല
തൃക്കാക്കര : കൊവിഡിന്റെ മറവിൽ തൃക്കാക്കരയുടെ വിവിധ പ്രദേശങ്ങളിൽ വഴിയോരകൈയ്യേറ്റം വ്യാപകമാവുന്നു. ഉദ്യോഗസ്ഥർ കൊവിഡ് ഡ്യൂട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ഈ സംഭവം.
ചെമ്പുമുക്ക് മുതൽ കാക്കനാട് കളക്ടറേറ്റ് സിഗ്നൽ വരെയും ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജി ജംഗ്ഷനിലും,എൻ .ജി .ഓ ക്വാർട്ടേഴ്സിലും, കാക്കനാട് തൃപ്പൂണിത്തുറ റോഡിൽ കലക്ടറേറ്റിന് വടക്ക് -കിഴക്കേ ഭാഗങ്ങളും കൈയേറ്റക്കാരുടെ പറുദീസയാണ്. ഫുട്പാത്തുകൾ പോലും വെറുതേവിട്ടിട്ടില്ല.
കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കണമെന്നതാണ് സ്ഥിതി. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് റോഡുവക്കിൽ ഭക്ഷണ സാധനങ്ങളുടെ വില്പന. സീ പോർട്ട് എയർ പോർട്ട് റോഡിൽ ജില്ലാ ജയിൽ മുതൽ ഭാരത് മാതാ കോളേജുവരെയുളള പ്രധാന റോഡിൽ ഇരുവശങ്ങളിലുമായി ഇരുപതോളം പുതിയ കൈയ്യേറ്റങ്ങൾ രണ്ടുമാസങ്ങൾക്കിടെ ഉണ്ടായി.
# തെരുവോര കച്ചവട ലിസ്റ്റിൽ അനർഹർ
തെരുവോര കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി തൃക്കാക്കര നഗരസഭ തയ്യാറാക്കിയ സർവേ ലിസ്റ്റിൽ അനർഹർ. നഗരസഭപരിധിയിൽ സ്ഥിരതാമസക്കാരും മറ്റ് ജോലികൾ ചെയ്യാൻ സാധിക്കാത്തവരുമായവർക്ക് ഉപജീവനത്തിന് സഹായമെന്ന നിലയ്ക്കാണ് തിരിച്ചറിയൽകാർഡ് നൽകാൻ തീരുമാനിച്ചത്. പക്ഷേ, അന്യസംസ്ഥാനക്കാർ, ജില്ലയ്ക്ക് പുറത്തുളളവർ എന്നിവർ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
# കൈയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി
പി.എസ് ഷിബു
കൈയ്യേറ്റങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കർശന നടപടി സ്വീകരിക്കും. ഉടൻ പൊളിച്ചുകളയാൻ നടപടിയുണ്ടാകും.
പി.എസ് ഷിബു
നഗരസഭ സെക്രട്ടറി