aashiq-abu

കൊച്ചി: കൊവിഡ് കാലത്ത് മുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കാതെ പുതിയ സിനിമകൾ ആരംഭി​ക്കരുതെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ നിർദ്ദേശം തള്ളി സംവിധായകൻ ആഷിഖ് അബു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 5ന് തുടങ്ങുമെന്ന് ആഷിഖ് അബു ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങളിലുള്ള അവകാശം ഒ.പി.എം സിനിമാസിനാണെന്നും അത് മറ്റാരേയും ഏൽപ്പിച്ചിട്ടില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്ന് നിർമ്മിക്കുന്ന 'ഹാഗർ' എന്ന ചിത്രം ഹർഷദ് ആണ് സംവിധാനം ചെയ്യുന്നത്. ആഷിഖ് അബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ് നായികാനായകന്മാർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ചിത്രീകരണം. അതേസമയം, ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകി.