കൊച്ചി: തിരുനാൾ കർമ്മങ്ങൾ ഓൺലൈനിലും ഫേസ്ബുക്കിലും ടി.വിയിലൂടെയും തത്സമയം കാണാൻ സൗകര്യം. അതത് ഗൃഹങ്ങളെ വലം വച്ച് തിരുനാളിന്റെ പ്രധാന ആചാരമായ പ്രദക്ഷിണം. മാനദണ്ഡങ്ങൾ അണുവിട തെറ്റാതെ ഇടവകയിലെ മുഴുവൻ വിശ്വാസികളെയും പങ്കെടുപ്പിച്ച് കോതാട് തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആചാരങ്ങളും അനുഷ്ടാനങ്ങളും പത്തു പേരിൽ ചുരുങ്ങിയപ്പോൾ ഗാർഹിക സഭയായ കുടുംബത്തിന്റെ മഹിമ വിശ്വാസികളിൽ ഊട്ടിയുറപ്പിച്ചാണ് തിരുനാൾ കർമ്മങ്ങൾ നടന്നത്. പ്രധാന ചടങ്ങുകളെല്ലാം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു കാണാൻ സൗകര്യം ഒരുക്കി. പ്രദക്ഷിണം വീടുകൾക്ക് ചുറ്റുമാചരിക്കാനും നിർദ്ദേശിച്ചു. 600 പ്രസുദേന്തിമാരോടും ഇടവകയിലെ കുടുംബാംഗങ്ങളും വീടിനെ വലം വച്ചു പ്രദക്ഷിണത്തിൽ പങ്കുചേർന്നു. കുടുംബനാഥൻ വീടുകളിൽ പ്രാർത്ഥനക്ക് സ്ഥാപിച്ച രൂപം കൈയിലേന്തിയാണ് പ്രദക്ഷിണത്തിൽ പങ്കാളിയായിത്. പള്ളിയിൽ ചടങ്ങുകൾ നടന്ന അതേ സമയത്ത് തന്നെ വിശ്വാസികൾക്ക് പ്രദക്ഷിണത്തിന്റെ ഭാഗമാകാനായി.