അറയ്ക്കപ്പടി: കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ വെങ്ങോല പഞ്ചായത്തിലെ 12 ാം വാർഡ് പൂനൂർ കൂടി കണ്ടെയിൻമെന്റ് സോണിലാക്കി. നേരത്തെ അറയ്ക്കപ്പടി വാർഡും സോണിലാക്കിയിരുന്നു.
ആദ്യം രോഗം സ്ഥിരീകരിച്ച പെരുമ്പാവൂർ പെരുമാനി സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും ഒരുമിച്ച് ഹോം ക്വാറന്റൈനിൽ കഴിയുന്ന ആളുകളെ നിരീക്ഷിക്കാൻ സഞ്ചരിക്കുകയും ചെയ്തയാളാണ് ഇദ്ദേഹം.
നാട്ടിൽ ഇദ്ദേഹത്തിന്റെ 18 പേരുടെ സമ്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് പട്ടികയിലുള്ളത്. ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് സെന്റർ പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്നു.
അറയ്ക്കപ്പടിയിൽ നിലവിൽ കണ്ടെയ്ൻമെന്റ് സോണാക്കിയ അതേ വാർഡിലാണ് ഇദ്ദേഹത്തിന്റെ സ്വന്തം വീട്. പൂനൂരിലാണ് താമസം. ഒരേ നാട്ടുകാരും അടുത്ത സുഹൃത്തുക്കളുമായ ഇവർ ഒന്നിച്ചാണ് ജോലിയ്ക്ക് പോയിരുന്നത്. രണ്ട് വാർഡുകളും പൊലീസ് പൂർണ്ണമായും അടച്ചു. ഇവിടേയ്ക്ക് ഒരാളെ പോലും പ്രവേശിപ്പിക്കില്ല. വാർഡുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വ്യാപാരസ്ഥാപനങ്ങളോ, ഓഫീസുകളോ മറ്റ് തൊഴിലിടങ്ങളോ തുറന്ന് പ്രവർത്തിക്കില്ല. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി. പരിമിതമായ കവാടങ്ങളിലൂടെ പുറത്തേയ്ക്കും അകത്തേയ്ക്കുമുള്ള വാഹന ഗതാഗതം നിയന്ത്റിക്കും.പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാനോ സഞ്ചരിക്കുവാനോ അനുവദിക്കില്ല. പുറത്തുനിന്നുള്ളവർക്ക് സോണിലേക്ക് പ്രവേശനമില്ല. പൊലീസുദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പ്രത്യേക പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചു. തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്.