covid-19

കൊച്ചി: വിദേശത്തു നിന്ന് മടങ്ങിയെത്തിയ രണ്ടു സിനിമാ പ്രവർത്തകർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജിബൂട്ടിയിൽ നിന്നെത്തിയ സിനിമാ സംഘത്തിലെ കോസ്റ്റ്യൂം അസിസ്റ്റന്റ് ആണ് രോഗം സ്ഥിരീകരിച്ച കൊച്ചി തമ്മനം സ്വദേശി. 49 വയസുള്ള ഇയാൾ അങ്കമാലി അഡ്ലക്സ് സെന്ററിലെ കൊവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശിയായ 39 കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആണ്.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണത്തിനു പോയി ആഫ്രിക്കയിലെ ജിബൂട്ടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു സംഘം. സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ഉൾപ്പെടെ 71 പേരുള്ള സംഘം ജൂൺ അഞ്ചിനാണ് നെടുമ്പാശേരിയിൽ തിരിച്ചെത്തിയത്. സംഘാംഗങ്ങളെല്ലാം ക്വാറന്റൈനിലായിരുന്നു. നേരത്തെ,​ പൃഥ്വിരാജിന്റെ 'ആടുജീവിതം' സിനിമാ സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.