shigil

കൊച്ചി: വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. പോഞ്ഞിക്കര കുരിശിങ്കൽ വീട്ടിൽ സ്റ്റീഫന്റെ മകൻ ഷിഗിലാണ്(25) മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടിന് പോഞ്ഞിക്കര നോർത്ത് ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം. കേബിൾ ടി.വി. നടത്തിപ്പുകാരനായ ഷിഗിലും ജീവനക്കാരനായ വിഷ്ണുവുമാണ് വള്ളത്തിലുണ്ടായിരുന്നത്.
വിഷ്ണുവിന്റെ താന്തോണിതുരുത്തിലുള്ള വീട്ടിൽ പോയി വള്ളത്തിൽ മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെ വള്ളം മറിഞ്ഞു. ഇരുവരും വള്ളത്തിൽ പിടിച്ചു കിടന്നെങ്കിലും ഷിഗിൽ മുങ്ങി പോവുകയായിരുന്നു. നീന്തി കരയ്ക്ക് കയറിയ വിഷ്ണുവാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് ക്ലബ്ബ് റോഡ് ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാവിലെ 11ഓടെയാണ് ഷിഗിലിന്റെ മൃതദേഹം കണ്ടെത്തിയത്. ജെയിനാണ് ഷിഗിലിന്റെ അമ്മ. സഹോദരി: ഷിയ.