viral-fever

കൊച്ചി:കൊവി‌ഡ് വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുമ്പോൾ തന്നെ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ കൂടുന്നു.മഴക്കാലമായതോടെയാണ് പതിവ് പനികള്‍ വ്യാപകമാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 589 ഡെങ്കിപ്പനിയും 91 എലിപ്പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡിന്റെയും പകര്‍ച്ച പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്. ഇത് കൂടുതല്‍ ഭീതി സൃഷ്ടിക്കുന്നുണ്ട്. പ്രാരംഭലക്ഷണം പനിയും തൊണ്ടവേദനയുമാണ്. ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിലുള്ളവ കണക്കിലെടുത്താണ് നിരീക്ഷണ നടപടികള്‍ എടുക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡെങ്കിപ്പനിയ്ക്ക് പനിയ്ക്കു മറ്റു ലക്ഷണങ്ങളുമുണ്ട്. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ പേശിവേദന ഉള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് ഉണ്ടാകില്ല.

ഒരാള്‍ക്ക് എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട- പേശി വേദന എന്നിവ ഉണ്ടാകും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകാം. ശക്തമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനുമാണ് ദേവന കൂടുതല്‍ അനുഭവപ്പെടുന്നത്. മഞ്ഞപ്പിത്തം- ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകുക, മൂത്രം മഞ്ഞ നിറത്തില്‍ പോകുക എന്നിവ മഞ്ഞപ്പിത്ത ലക്ഷണങ്ങളാണ്. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നുണ്ടെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കേണ്ടതാണ്.

പനിയുടെ ലക്ഷണം കാണുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളില്‍ കൊവിഡ് നടത്താന്‍ സാധിക്കൂ. എപ്പിഡമോളജിക്കല്‍ ലിങ്കില്ലാതെ എല്ലാ രോഗികളെയും സംശയിക്കേണ്ട സാഹചര്യം നിലവില്‍ സംസ്ഥാനത്തില്ല. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു.