shoppimg-cemtre

ബംഗളൂരൂ: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ബംഗളൂരുവിലെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കുന്നു.പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ ചിക്ക്‌പെറ്റ് ഉള്‍പ്പെടെ അടയ്ക്കുകയാണ്. ഒരാഴ്ചയാണ് ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും, പ്രതിസന്ധിഘട്ടം മറി കടക്കുന്നതു വരെ കടകള്‍ അടച്ചിട്ടേക്കും എന്നാണ് സൂചന. 20,000 ത്തോളം കടകള്‍ അടച്ചിടും. ജൂണ്‍ 29 വരെയാണ് കടകള്‍ അടച്ചിടുക.

ചിക്ക്‌പെറ്റില്‍ മാത്രം 50,000 ത്തോളം ഷോപ്പിംഗ് കേന്ദ്രങ്ങള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. തുണിത്തരങ്ങളും, നിത്യോപയോഗ സാധനങ്ങളും, സ്വര്‍ണാഭരണങ്ങളും വരെ വന്‍തോതില്‍ വിറ്റഴിക്കുന്ന മാര്‍ക്കറ്റില്‍ ദിവസേന വിറ്റുവരവ് കോടികളാണ്. മാര്‍ക്കറ്റ് ദിവസങ്ങളോളം അടച്ചിടുന്നതിനാല്‍ ഭീമമായ നഷ്ടമാണ് ഉണ്ടാകുക.

വ്യാപാരത്തിനും, സാധനങ്ങള്‍ വാങ്ങുന്നതിനുമൊക്കെയായി പ്രതിദിനം 1.2 ലക്ഷം മുതല്‍ 2 ലക്ഷം വരെ ആളുകളാണ് ഷോപ്പിംഗ് സെന്ററുകളിൽ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയിരിക്കുന്നതിനാല്‍ ഇവിടെ മാത്രം 400-ഓളം ആളുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ബംഗളൂരൂ നഗരത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,000-ല്‍ അധികമായതാണ് ഷോപ്പിംഗ് സെന്ററുകള്‍ അടച്ചിടുന്നതിലേക്ക് നീങ്ങുന്നത് എന്നാണ് സൂചന. എന്നാല്‍ ലോക്ക് ഡൌണ്‍ സൃഷ്ടിച്ച പ്രഹരം മറി കടന്നു തുടങ്ങുന്ന കടകള്‍ ഇനി അടച്ചിടാന്‍ ആകില്ലെന്ന നിലപാടിലാണ് ചില വ്യാപാരികള്‍.