കൊച്ചി : പശ്ചിമ കൊച്ചിയിലെ രാമേശ്വരം - കൽവത്തി കനാലിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കി ഇൗ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ഹർജിയിൽ നഗരസഭ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

മാലിന്യം അടിഞ്ഞു കൂടി നീരൊഴുക്ക് നിലച്ചതോടെ മഴക്കാലം വരുമ്പോൾ സമീപത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണെന്നാരോപിച്ച് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ ഒാർഡിനേഷൻ കമ്മിറ്റിയടക്കം നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ രാമേശ്വരം കനാലിന്റെ ശുചീകരണവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും രാമേശ്വരം കനാലിലെ മാലിന്യ നീക്കത്തിന് നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരമെന്നും നഗരസഭയുടെ അഭിഭാഷകൻ പറഞ്ഞു. നഗരസഭയുടെ വിശദീകരണം ലഭ്യമാക്കാൻ ഒരാഴ്ച സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാമേശ്വരം - കൽവത്തി കനാലിന്റെ ശുചീകരണം ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരം നടത്തുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ നിലവിലെ സ്ഥിതി എന്താണെന്നും ജില്ലാ കളക്ടറിൽ നിന്നു വിശദീകരണം തേടി അറിയിക്കാൻ സർക്കാർ അഭിഭാഷകനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

 രാമേശ്വരം കനാൽ

ചരക്കു ഗതാഗതത്തിനും വെള്ളക്കെട്ട് ഒഴിവാക്കാനുമായി ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണ് ഇൗ കനാൽ. ഫോർട്ടു കൊച്ചി കൽവത്തി അഴിമുഖത്തു നിന്ന് തുടങ്ങി തോപ്പുംപടിയിലെ കായൽ വരെ നീണ്ട കനാൽ 13 അടിയോളം ഉയരത്തിൽ മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണെന്ന് ഹർജിയിൽ പറയുന്നു. വേലിയേറ്റ സമയത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം ഇതുവഴി ഒഴുകിയെത്തുന്നതോടെ കൊതുകുനശീകരണം സാദ്ധ്യമായിരുന്നു. വേലിയിറക്ക സമയത്ത് കായലിൽ നിന്ന് വെള്ളം തിരിച്ച് അഴിമുഖത്തേക്കും ഒഴുകിയിരുന്നു. പശ്ചിമ കൊച്ചി മേഖലയിൽ നിന്ന് മഴവെള്ളം ഒഴുകിപ്പോകാനുള്ള ഏക സംവിധാനമാണ് രാമേശ്വരം കനാലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.