കൊച്ചി: ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകി.
പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള മാർഗരേഖകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉത്തരവു പുറപ്പെടുവിച്ചതിന്റെ ഫയലുകളാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തേടിയത്. ചാർട്ടേഡ് ഫ്ളൈറ്റിലെത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിനെതിരെ ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) മുൻ വൈസ് പ്രസിഡന്റ് റെജി താഴമൺ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് സ്റ്റേ അനുവദിച്ചില്ല. വന്ദേ ഭാരത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നാട്ടിലെത്തിക്കുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വിവേചനമാണെന്നുമാണ് ഹർജിക്കാരുടെ വാദം. മടങ്ങിയെത്തുന്നവരുടെ ക്വാറന്റൈൻ, ഐസൊലേഷൻ നിബന്ധനകൾക്കാണ് സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കേരളത്തിലെ പൊതുജനാരോഗ്യവും നിലവിലെ സ്ഥിതിയും അനുസരിച്ചാണ് വ്യവസ്ഥ കൊണ്ടുവന്നതെന്നും പുതിയ കേന്ദ്ര മാർഗനിർദ്ദേശപ്രകാരം സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്താൻ അധികാരമുണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.