പെരുമ്പാവൂർ: ഭരണമുന്നണിയിലെ തമ്മിലടി മൂലം ഭൂരിപക്ഷം നഷ്ടപ്പെട്ട പെരുമ്പാവൂർ നഗരസഭ ചെയർപെഴ്‌സൺ സതി ജയകൃഷ്ണൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. കൊവിഡ് പോലുളള മഹാമാരികൾ മൂലം ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിൽ നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ ചെയ്യാനോ പര്യാപ്തമായ ഫണ്ട് അനുവദിക്കാനോ ഭരണസമിതിക്ക് കഴിയാത്തത് വൻവീഴ്ച്ചയാണെന്നും വെറും അയ്യായിരം രൂപ നൽകി കൗൺസിലർമാരോട് ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ പറഞ്ഞത് ചെയർപെഴ്‌സന്റെ കഴിവുകേടാണെന്നും പ്രതിപക്ഷകൗൺസിലർമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

#ഭരണപക്ഷം മിനിട്‌സ് തിരുത്തി

എതിർപ്പ് പ്രകടിപ്പിക്കുന്ന കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കി ചെയർപെഴ്‌സൺ ഏകാധിപത്യഭരണം നടത്തുകയാണെന്നും യു.ഡി.എഫ് പെരുമ്പാവൂർ മണ്ഡലം നേതാക്കൾ ആരോപിച്ചു. ആഴ്ച്ചകൾക്ക് മുമ്പ് നടന്ന കൗൺസിൽ യോഗത്തിൽ പരാജയപ്പെട്ട അജണ്ടകൾ മൂന്ന് മാസം കഴിഞ്ഞേ പരിഗണിക്കാവൂ എന്ന ചട്ടവും അട്ടിമറിച്ചാണ് ഭരണം നടത്തുന്നത്. ഇതിനായി കഴിഞ്ഞ കൗൺസിൽ പരാജയപ്പെട്ട അജണ്ടകൾക്ക് പകരം മാറ്റി വെച്ചൂവെന്ന് തിരുത്തിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷാംഗങ്ങൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. സ്ഥിരമായി ഭരണപക്ഷത്തെ അഞ്ച് കൗൺസിലർമാർ പിന്തുണ നൽകാത്ത അവസ്ഥയാണ് ചെയർപെഴ്‌സന്റേത്. അതിനാൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ചെയർപെഴ്‌സൺ രാജി വയ്ക്കണമെന്നും മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ബിജു ജോൺ ജേക്കബ്, കൗൺസിലർമാരായ മോഹൻ ബേബി, കെ എം അലി, മണികണ്ഠൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് എ മുഹമ്മദ് തുടങ്ങിയവർ ആവശ്യപ്പെട്ടു.