കൊച്ചി : വിവാദ പാലാരിവട്ടം ഫ്ളൈ ഓവർ വഴി മുച്ചക്ര വാഹനങ്ങൾ വരെ കടത്തിവിടണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ദേശീയപാത ബൈപ്പാസിൽ തിരക്കും കുരുക്കും രൂക്ഷമായ രാവിലെയും വൈകിട്ടുമെങ്കിലും നിയന്ത്രണങ്ങളോടെ ചെറുവാഹനങ്ങളെ അനുവദിക്കണമെന്നാണ് ആവശ്യം. ലോക്ക് ഡൗൺ ഇളവിൽ നഗരത്തിൽ ഗതാഗതം വർദ്ധിച്ചു. പാലാരിവട്ടം - കാക്കനാട് റോഡിലും വൻ തിരക്കാണ്. പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഫ്ളൈ ഓവർ വഴി കടത്തി വിട്ടാൽ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം ലഭിക്കും.രാവിലെയും വൈകീട്ടും ഓട്ടം വിളിച്ചാൽ പോകാൻ ഡ്രെെവർമാർ തയ്യാറല്ല.സമ്പൂർണ ലോക്ക് ഡൗണിൽ മാത്രമാണ് കുരുക്കില്ലാതിരുന്നത്. ജില്ലയുടെ കിഴക്കു വടക്ക് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ തിരക്കിൽ നട്ടം തിരിയുകയാണ് പാലാരിവട്ടം.

42 കോടി രൂപ മുടക്കി പണിതപാലം ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയ് ഒന്നിനാണ് അടച്ചത്. അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പാലം നിർമാണം വിവാദത്തിലായി. പൊളിച്ചുപണിയാൻ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റുമെല്ലാം തയ്യാറായിരുന്നു. സർക്കാർ അനുമതി കിട്ടിയെങ്കിലും കോൺട്രാക്ടർമാരുടെ സംഘടന കേസിനു പോയതോടെ അതും അനിശ്ചിതത്തിലായി. ഭാരപരിശോധന നടത്താനായിരുന്നു ഹെെക്കോടതി വിധി. ഫലം എന്തായാലും സർക്കാരിനു യുക്തമായ തീരുമാനം എടുക്കാനും അനുമതി നൽകി. സർക്കാർ നൽകിയ അപ്പീൽ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഓട്ടോറിക്ഷ വരെ അനുവദിക്കണം

പാലാരിവട്ടം പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുന്ന കാര്യം ഇനിയെങ്കിലും സർക്കാർ ഗൗരവമായി പരിഗണിക്കണം. ചുരുങ്ങിയ പക്ഷം ഇരുചക്രവാഹനങ്ങളെങ്കിലും കടത്തിവിട്ടാൽ ഉണ്ടാകുന്ന മാറ്റം പോലും വലുതാണ്.

പി.ടി. തോമസ് എം.എൽ.എ.

ജനങ്ങളെ വിഷമിപ്പിക്കരുത്

ഓട്ടോറിക്ഷകളും ടൂവീലറുകളും കടത്തിവിട്ടാൽ ഫ്ളൈ ഓവറിന് കോട്ടമൊന്നും ഉണ്ടാകില്ല. കൊവിഡ് കാലത്തേക്കെങ്കിലും ഇതിന് പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ജനത്തിന് ഇന്ധന നഷ്ടവുമാണ് ദിനംപ്രതി സംഭവിക്കുന്നത്.

ഡോ.ജോൺ കെ. ഐപ്പ്

യാത്രക്കാരൻ

ഫ്ളൈ ഓവർ വിശേഷങ്ങൾ

ആകെ നീളം : 661.8 മീറ്റർ

നിർമാണം തീർന്നത് : 2016 ഒക്ടോബർ

നിർമ്മാണ ചെലവ് : 42 കോടി രൂപ

രൂപകല്പന : നാഗേഷ് കൺസൾട്ടന്റ് ബെംഗളൂരു

പ്രോജക്ട് കൺസൾട്ടന്റ് : കിറ്റ്കോ

നിർമ്മിച്ചത് : ആർ.ഡി.എസ്.

നിർവഹണ ഏജൻസി : ആർ.ബി.ഡി.സി.കെ.