പിറവം: മണീട് മൃഗാശുപത്രിയുടെ കാലപ്പഴക്കം ചെന്ന പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 72 ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 2020-2021 സാമ്പത്തിക വർഷത്തിൽ ഇത് ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപയുടെ അനുമതി ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
മൃഗാശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്കും എം.എൽ.എ.നിവേദനം നൽകിയിരുന്നു.മണീട് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ജോസഫ്, വാർഡ് മെമ്പർ ഏലിയാസ് എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചത്. റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക്, മഴ വെള്ള സംഭരണി എന്നീ സൗകര്യങ്ങളോട് കൂടിയായിരിക്കും പുതിയ കെട്ടിടം നിർമ്മിക്കുന്നത്.