boat
പട്ടിമറ്റം ഫയർഫോഴ്സ് നിർമ്മിച്ച ബോട്ട് പരീക്ഷണ ഓട്ടത്തിൽ

കോലഞ്ചേരി: വെള്ളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പട്ടിമറ്റം അഗ്നിരക്ഷാ സേന സ്വന്തമായി ബോട്ട് നിർമ്മിച്ചു. ബോട്ടിന്റെ പരീക്ഷണയോട്ടം പെരുവംമുഴിയിൽ വിജയകരമായി പൂർത്തിയാക്കി. ബോട്ടിന്റെ മാതൃകയിൽ പൈപ്പ് വെൽഡ് ചെയ്ത് അലൂമിനിയം ഷീ​റ്റും, പ്ലൈവുഡും ഉപയോഗിച്ച് പ്ലാ​റ്റ്‌ഫോം നിർമിച്ച് അടിയിൽ പ്ളാസ്റ്റിക് ഡ്രം ഘടിപ്പിച്ചാണ് നിർമ്മിച്ചത്. വേഗത്തിൽ നീങ്ങുന്നതിനായി കൂർത്ത രീതിയിലാണ് നിർമാണം. എൻജിൻ ഘടിപ്പിക്കുന്നതിനും പ്രത്യേക ഭാഗമുണ്ട്. പത്തോളം ആളുകൾക്ക് സഞ്ചരിക്കാവുന്നതാണ്. ജീവനക്കാരുടെ സഹായത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സേനാംഗമായ എം.ആർ അനുരാജാണ്. ഒരാഴ്ചക്കുള്ളിൽ സ്റ്റേഷനിൽ തന്നെയാണ് ബോട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പ്രളയത്തെ മുന്നിൽ കണ്ട് ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താമെന്ന പ്രതീക്ഷയിലാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ. സ്റ്റേഷൻ ഓഫീസർ ടി.സി സാജു, സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.