പുത്തൻകുരിശ്: ബുധനാഴ്ച പെയ്ത മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പുത്തൻകുരിശ് ഗവ. യു.സ്കൂളിൽ നിന്നിരുന്ന വലിയൊരു വട്ടമരമാണ് ഇലക്ട്രിക് ലൈനിലും റോഡിലുമായി മറിഞ്ഞുവീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പട്ടിമറ്റത്തുനിന്നും അസി.സ്റ്റേഷൻ ഓഫീസർ പി.ആർ ലാൽജിയുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സും, കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി. തുടർന്ന് ലൈൻ അഴിച്ചുമാറ്റിയതിന് ശേഷം ഫയർഫോഴ്‌സ് സംഘം മരം മുറിച്ചു. ഒരു മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. എം.ജി ബിജു, എൽദോസ് മാത്യു, എസ്.എസ് നിതിൻ,വിഷ്ണു.എസ്, എ.പി അമൽ പ്രഭ, ഉമേഷ് പി.എസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.