ആലുവ: ജില്ലാ ആശുപത്രിക്ക് സമീപം പവർഹൗസ് ഭാഗത്തേക്ക് തിരിയുന്ന റോഡിൽ സ്ലാബുകൾ സ്ഥാപിച്ചത് അപകടക്കെണിയാകുന്നു. മലിനജല കാനയുടെ മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകളാണ് അപകടം സൃഷ്ടിക്കുന്നത്.കാനയുടെ ഒരു ഭാഗം റോഡിലേക്ക് രണ്ടര അടിയോളം തള്ളി നിൽക്കുകയാണ്. അതിനാൽ ഒരടിയിലേറെ ഉയരത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ളാബുകളും സമാനമായ അവസ്ഥയിലാണ്. കനായുടെ നവീകരണ സമയത്തും ഇവിടെ ആവശ്യമായ ഭേദഗതി വരുത്തുവാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കരാറുകാരും തയ്യാറായില്ല.
ജില്ലാ ആശുപത്രി കവല വികസനത്തിന്റെ ഭാഗമായാണ് കാനകളുടെ നവീകരണം.പുതിയതായി നിർമ്മിച്ച ഫുഡ്പാത്ത് ടൈൽ വിരിച്ചും മനോഹരമാക്കുന്നുണ്ട്. അപകടക്കെണിയൊരുക്കിയ ഭാഗത്തും ഇനിൽ ടൈൽ വിരിക്കണം. ഇവിടത്തെ രണ്ട് ചെറിയ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും നവീകരിച്ചിട്ടുണ്ട്.
#അപകടങ്ങൾക്ക് കാരണമാകുന്നു
വളവിൽ സ്ലാബ് റോഡിലേക്ക് തള്ളി നിൽക്കുന്നത് അപകടങ്ങൾക്ക് വഴിവെയക്കുയാണ്. താരതമ്യേന വീതി കുറഞ്ഞ ഭാഗമായതിനാലും നാല് ഭാഗത്ത് നിന്നും റോഡുകൾ സംഗമിക്കുന്ന ഭാഗമായതിനാലും എല്ലാ സമയവും ഇവിടെ വലിയ വാഹന തിരക്കാണ്. ഈ സമയത്ത് പവർ ഹൗസ് ഭാഗത്തേക്ക് പോകുന്ന ചെറുതും വലുതുമായ വാഹനങ്ങൾ സ്ലാബിൽ തട്ടി അപകടത്തിൽപ്പെടുകയാണ്.
#അപകട സാധ്യത ചൂണ്ടികാട്ടിയിട്ടും പരിഹരിച്ചില്ല
നിർമ്മാണ സമയത്ത് തന്നെ സമീപത്തെ കച്ചവടക്കാരും നാട്ടുകാരും അപകട സാധ്യത ചൂണ്ടികാട്ടിയിട്ടും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കരാറുകാരും പരിഹരിച്ചില്ലെന്നാണ് ആക്ഷേപം. കാന നവീകരണം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടതോടെ ലോക്ക് ഡൗൺ ആയി. അതിനാൽ പ്രതിഷേധവും കാര്യമായുണ്ടായില്ല. ഇപ്പോൾ വാഹനഗതാഗതം ആരംഭിച്ചതോടെയാണ് അപകട സൂചന മനസിലാക്കി നാട്ടുകാർ രംഗത്തെത്തിയത്.