കൊച്ചി : കണ്ണൂരിൽ നാലാം ക്ളാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവും സ്കൂൾ അദ്ധ്യാപകനുമായ പദ്മരാജൻ നൽകിയ ജാമ്യാപേക്ഷയിൽ കേസിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. ജനുവരി 15 ന് സ്കൂളിലെ ബാത്ത് റൂമിൽ വച്ച് കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവിൽ രണ്ടു തവണ കൂടി അദ്ധ്യാപകൻ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് സ്കൂളിൽ പോകാൻ കുട്ടി ഭയപ്പെട്ടു. തുടർന്ന് ബന്ധുക്കൾ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏപ്രിൽ 15 നാണ് പദ്മകുമാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ 60 ദിവസം പിന്നിട്ടെന്നും അന്വേഷണം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരന്റെ വാദം. പെൺകുട്ടിയുടെ മൊഴി ഭാവനാസൃഷ്ടിയാണെന്നും താൻ നിരപരാധിയാണെന്നും പദ്മരാജന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.