കൊച്ചി: മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ.എസ്. മേനോനെ കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡിൽ കേന്ദ്ര നോമിനി അംഗമായി നിയമിച്ചു. കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യ വനിത ചെയർപേഴ്‌സൺ ആണ്. പത്രപ്രവർത്തന മേഖലയിലെ മികവിന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച വനിതാ ജേണലിസ്റ്റായി ടൈംസ് ഒഫ് ഇന്ത്യാ ഗ്രൂപ്പിന്റെ ഈവ്‌സ് വീക്ക്ലി തിരഞ്ഞെടുത്തിരുന്നു. ദൃശ്യമാദ്ധ്യമ രംഗത്തും പ്രവർത്തിച്ചു. റോട്ടറി ഇന്റർനാഷണൽ ഗ്രൂപ്പ് സ്റ്റഡി എക്‌സ്‌ചേഞ്ച് മെമ്പറായി അമേരിക്കയിലെ ടെന്നസി സംസ്ഥാനം സന്ദർശിച്ചു. ടെന്നസി സംസ്ഥാനം ഓണററി സിറ്റിസൻഷിപ്പ് നൽകി ആദരിച്ചു. ഗേൾ ഗൈഡിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വിറ്റ്‌സർലാന്റിൽ നടന്ന സെമിനാറിൽ പങ്കെടുത്തു. ഗേൾ ഗൈഡിംഗിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അവാർഡ് നേടി.
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ്.സി.എസ്.മേനോന്റേയും ആരോഗ്യമേഖല ഡയറക്ടറായിരുന്ന ഡോ. പി.വിജയലക്ഷ്മിയുടെയും മകളാണ്. ചാർട്ടേഡ് അക്കൗണ്ടന്റും കൊച്ചിൻ സ്റ്റോക്ക് ബ്രോക്കേഴ്‌സ് ലിമിറ്റഡിന്റെ ചെയർമാനായിരുന്ന പി.എസ്. മേനോനാണ് ഭർത്താവ്.