pappukutty-bhagavathar

കൊച്ചി: എന്നും പ്രായവുമായി മത്സരത്തിലായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ. നൂറു വയസ് കടന്ന ഭാഗവതർ പാടുന്നതു കേട്ടാൽ പ്രായം തോറ്രുപോകും. അടുത്ത കാലം വരെ സംഗീതം പഠിപ്പിച്ചു. വൈപ്പിൻകരയിലെ ശിഷ്യരെ പാട്ടു പഠിപ്പിക്കാൻ പെരുമ്പടപ്പിലെ വീട്ടിൽ നിന്ന് ബസിലും ബോട്ടിലും നിത്യേന യാത്ര ചെയ്തു. ഗാനമേളയും കച്ചേരിയും മാത്രമല്ല നാടകത്തിലും സിനിമയിലും പ്രതിഭ തെളിയിച്ചു.

ഏഴാമത്തെ വയസിൽ വൈപ്പിനിലെ തെക്കൻ മാലിപ്പുറത്ത് വേദമണി എന്ന സംഗീത നാടകത്തിൽ ബാലനടനായി പാടി അഭിനയിച്ചാണ് തുടക്കം. പാട്ടു പഠിക്കാനായി പിന്നത്തെ ആഗ്രഹം. വീട്ടുകാർ എതിർത്തെങ്കിലും 12 കാരന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവർ മുട്ടുമടക്കി. പാട്ടു പഠിക്കാൻ ദിവസവും അഞ്ചു മൈൽ വീതം നടന്നു.

# നാടകത്തിൽ പാടി തെളിഞ്ഞു

കൗമാരത്തിൽ നാടകരംഗത്തെത്തി. ആർട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ മിശിഹാചരിത്രത്തിലാണ് തുടക്കം. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും ഈ നാടകത്തിലൂടെയാണ് വേദിയിലെത്തിയത്. രണ്ടു വർഷം സ്ത്രീവേഷത്തിൽ തകർത്തു. കേശവദേവിന്റെ സുഹൃത്ത് എന്ന നാടകത്തിലൂടെ നായകനായി. തിക്കുറിശിയുടെ മായയി​ൽ ഭാഗവതർ നായകനും തിക്കുറിശി വില്ലനും. പ്രേമഗാനം, പരദേശി, ചിരിക്കുന്ന ചെകുത്താൻ തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഒപ്പം പാട്ടും പാടി.

# കേരള സൈഗാൾ

സിന്ദഗി എന്ന ഹിന്ദി ചിത്രത്തിലെ സോജാ രാജകുമാരി... ഗാനം ആലപിച്ച് നാടകപ്രേക്ഷകരുടെ മനം കവർന്ന ഭാഗവതർ കേരള സൈഗാൾ എന്നും അറിയപ്പെട്ടു. നാടക നോട്ടീസുകളിൽ കേരള സൈഗാൾ പാപ്പുക്കുട്ടി ഭാഗവതർ പാടുന്നുവെന്ന് പ്രത്യേകം ചേർത്തിരുന്നു. 15,000 വേദികളിൽ പാടിയിട്ടുണ്ട്. കഥാപ്രസംഗത്തിലും കൈവച്ചു. ഒരു വർഷം 297 വേദികളിൽ കഥ പറഞ്ഞ് റെക്കാഡിട്ടു.നാടകവും സംഗീതവും കഥാപ്രസംഗവുമായി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും സഞ്ചരിച്ചു. ഗുരുവായൂരപ്പൻ, മുതലാളി, അഞ്ചു സുന്ദരികൾ, വിരുതൻ ശങ്കു തുടങ്ങി 25 സിനിമകളിൽ വേഷമിട്ടു. 97ാം വയസിൽ ഭാര്യ ബേബിയോടൊപ്പം പരസ്യചിത്രത്തിലും അഭിനയിച്ചു.

# മക്കളും സിനിമയിൽ

ശരദിന്ദു മലർദീപ നാളം നീട്ടി.... എന്ന ഗാനം ആലപിച്ച സെൽമ ഭാഗവതരുടെ മകളാണ്. പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് ആണ് സൽമയുടെ ഭർത്താവ്. വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന മോഹൻ ജോസ്, സാബു, ഷാലി, പരേതനായ ജീവൻ എന്നിവരാണ് മറ്റ് മക്കൾ.