കൊച്ചി: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പിഴല നിവാസികളുടെ സ്വപ്നം സഫലമായി. വർഷങ്ങളോളം നടത്തിയ ശ്രമത്തിനൊടുവിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ഇടയ്ക്ക് നിലയ്ക്കുകയും സമരങ്ങളിലൂടെ പ്രദേശവാസികൾ നേടിയെടുക്കുകയും ചെയ്ത പാലം ഇന്നലെ ഗതാഗതത്തിന് തുറന്നുകിട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എസ്. ശർമ എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും എസ്. ശർമ എം.എൽ.എയുടെയും ഫേസ്ബുക്ക് പേജുകളിൽ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച വീഡിയോ കോൺഫറൻസ് സദസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുൻ എം.പി എം.എം. ലോറൻസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി, ജില്ലാ പഞ്ചായത്തംഗം സോനാ ജയരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ പുഷ്‌ക്കരൻ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, കടമക്കുടി ഗ്രാമപഞ്ചായത്തംഗം സെറിൻ സേവ്യർ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

പണി തീരാൻ വൈകിയ പാലം

2014 ൽ പിഴല പാലത്തിന്റെ പണി തുടങ്ങി. ഒന്നര വർഷത്തിനുള്ളിൽ തീർക്കുമെന്നായിരുന്നു വാഗ്ദാനം. വൈകി പാലം തീർന്നെങ്കിലും റോഡ് പിന്നെയും വൈകി. പാലത്തിന്റെ ഒരു ഭാഗത്ത് ഇരുമ്പ് പൈപ്പ് കൊണ്ട് സ്റ്റെപ്പുണ്ടാക്കി നാട്ടുകാർ നടക്കാൻ വഴിയുണ്ടാക്കി. ഡിസംബറിൽ ചങ്ങാടങ്ങൾ കേടായതോടെ ദ്വീപ് ഒറ്റപ്പെട്ടു. കര മുട്ടിക്കൽ സമിതിയുടെ നേതൃത്വത്തിൽ മണ്ണിട്ട് താത്കാലികമായി വഴി ഒരുക്കി പാലത്തെ റോഡുമായി ബന്ധിപ്പിച്ചു. കൊവിഡ് വന്നതോടെ പാലം പണി തടസപ്പെട്ടു. പാലത്തിലൂടെ നാട്ടുകാർ നടക്കുന്നതിനാൽ നിർമ്മാണം തടസപ്പെടുന്നുവെന്ന് പറഞ്ഞ് കരാറുകാരൻ കോടതിയെ സമീപിച്ചു. മാർച്ച് 31 നകം പാലം തുറന്നുകൊടുക്കാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതിനാൽ കോടതി പാലം വഴിയുള്ള യാത്ര നിരോധിച്ചു. തുടർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്.

.