കോതമംഗലം: പിണ്ടിമന സർവീസ് സഹകരണ ബാങ്കിലെ നിയമനം സംബന്ധിച്ച് എൽ.ഡി.എഫ് ഉയർത്തുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമെന്ന് ഭരണസമിതി.ബാങ്കിൽ നാല് നിയമനങ്ങൾ നടത്താൻ തീരുമാനിച്ചത് സഹകരണ രജിസ്ട്രാറുടെ അനുമതിയോടെ രണ്ട് പത്രങ്ങളിൽ പരസ്യം ചെയ്തതാണ്. ടെസ്റ്റ് നടത്തി മാത്രമേ നിയമനം പാടുള്ളു എന്ന രജിസ്ട്രാറുടെ ഉത്തരവു പ്രകാരം പുറത്തുള്ള ഏജൻസിയെ ഇതിനായി നിയോഗിച്ചു.പത്ത് ശതമാനം പട്ടികജാതി/പട്ടികവർഗ സംവരണം നിയമാനുസരണം പാലിച്ചിട്ടുണ്ട്. ഏഴ് ജീവനക്കാരിൽ ഒരാൾ പട്ടികജാതിക്കാരനാണ്. 15 പേർ ജോലി ചെയ്യുന്നതിനുള്ള തസ്തികയുള്ളപ്പോൾ 7 പേർ മാത്രമാണ് ഹെഡ് ഓഫീസിലും രണ്ട് ബ്രാഞ്ചുകളിലുമായി ഉള്ളത്.
പത്തു വർഷമായി ബാങ്ക് താത്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രവർത്തിക്കുന്നത്. പ്രധാന തസ്തികകളിൽ താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്നതിൽ ഓഡിറ്റ് ഒബ്ജക്ഷൻ ഉള്ളതുകൊണ്ടാണ് പുതിയ നിയമനം നടത്തുവാൻ തീരുമാനിച്ചത്.
ബാങ്ക് വൈസ് പ്രസിഡന്റ് രാജിവച്ചത് ബാങ്കിൽ കുടിശിക പെട്ടന്ന് അടച്ച് തീർക്കാൻ പറ്റാത്തതിനാലായിരുന്നു.ബാങ്കിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന നാലു പേരെയാണ് നിയമിക്കാൻ പോകുന്നതെന്ന് പറഞ്ഞ് പരാതി കൊടുത്ത് ഭരണ സ്വാധീനം ഉപയോഗിച്ച് ജോയിന്റ് രജിസ്ട്രാറിൽ നിന്നും സ്റ്റേ ഓർഡർ വാങ്ങുകയായിരുന്നു.ബാങ്കിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടത്തിയ ക്രമക്കേടിനെ കുറിച്ച് നൽകിയ പരാതിയിൽ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് സണ്ണി വേള്ളക്കര പറഞ്ഞു .