മൂവാറ്റുപുഴ: ടൗൺ വികസനത്തിന് ഇനി ഏറ്റെടുക്കാനുള്ള ഭൂമിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് ഇന്ന് തുടക്കമാകും.പരിസ്ഥിതി ആഘാത പഠനത്തിനായി കിഫ്ബിയിൽ നിന്നും 23.75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. രാജഗിരി കോളേജിലെ സാമൂഹിക വിഭാഗമായ രാജഗിരി ഔട്ട് റീച്ചിനാണ് പരിസ്ഥിതി ആഘാത പഠനത്തിന്റെ ചുമതല. ഇവർ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഭൂമി ഏറ്റെടുക്കാനുള്ള 53പേരുടെ കാഴ്ചയ്ക്ക് ശേഷം സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും. എം.സി.റോഡ് വികസനം കെ.എസ്.ടി.പി.യുടെ നേതൃത്വത്തിലായിരുന്നു നടന്നുവന്നത്. മൂവാറ്റുപുഴചെങ്ങന്നൂർ എം.സി.റോഡ് നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങൾ നീങ്ങിയതോടെയാണ് റോഡ് നവീകരണത്തിന് കളമൊരുങ്ങിയത്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലവും വർക്ക്ഷോപ്പ് കെട്ടിടവും ഏറ്റെടുക്കുന്നതിനായി കെ.എസ്.ടി.പി.യിൽ നിന്നും 1.80ലക്ഷം രൂപയും കെ.എസ്.ആർ.ടിസിയ്ക്ക് കൈമാറി കഴിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് 51ലക്ഷം രൂപയാണ് കെ.എസ്.ടി.പി.യിൽ നിന്നും അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.