crime

കോലഞ്ചേരി: പിതാവിന്റെ മർദ്ദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി​യി​ൽ ചികിത്സയിൽ കഴിയുന്ന 57 ദി​വസം മാത്രം പ്രായമുള്ള ജെസീറ്റ മേരി ഷൈജുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കുട്ടിയെ ന്യൂറോ ഐ.സി.യുവിലേക്ക് മാ​റ്റി.

അതേസമയം അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രക്തസ്രാവം മൂലം തലച്ചോറിലുണ്ടായിരുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. ഇതിന്റെ പുരോഗതി അടുത്ത 48 മണിക്കൂറിനകമേ അറി​യാനാകൂ. രാവിലെ 9.30നാരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്.

തലച്ചോറിനു ക്ഷതമേ​റ്റതിനെ തുടർന്നുണ്ടായ അപസ്‌മാരം മരുന്നുകളിലൂടെ നിയന്ത്റിക്കാനും കഴിഞ്ഞു. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും ന്യൂറോ സർജനുമായ ഡോക്ടർ ജെയിനിന്റെ നേതൃത്വത്തിലാണ് ചികിത്സ.

ബർഹോൾ ആൻഡ് എസ്.ഡി.എച്ച് ഇവാക്വേഷൻ എന്ന സങ്കീർണ്ണ ശസ്ത്രക്രിയക്കാണ് കുട്ടിയെ വിധേയയാക്കിയത്. തലച്ചോറിനകത്ത് കെട്ടി കിടക്കുന്ന രക്തം ചെറിയ ട്യൂബു വഴി പുറത്തു കളയുന്ന രീതിയാണിത്. രണ്ട് ഡോക്ടർമാരെ കുട്ടിയുടെ നിരീക്ഷണത്തിന് മാത്രമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്റ്റാഫ് നഴ്സുമാർ ഇരുപത്തിനാലു മണിക്കൂറും കുട്ടിയ്ക്കൊപ്പമുണ്ട്.

18 ന് പുലർച്ചെ 2 മണിയോടെയാണ് അങ്കമാലി സ്വദേശികളായ ദമ്പതികൾ ആശുപത്രിയിൽ കുഞ്ഞുമായെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുകയായി​രുന്നു. അബോധാവസ്ഥയിലായിരുന്നു കുട്ടി. കട്ടിലിൽ നിന്ന് വീണെന്നായി​രുന്നു വി​ശദീകരണം. സംശയം തോന്നി​ പൊലീസ് എത്തി​ ചോദ്യം ചെയ്തപ്പോഴാണ് അക്രമവി​വരം പുറത്തറി​ഞ്ഞത്. കുഞ്ഞി​ന്റെ അമ്മ നേപ്പാൾ സ്വദേശി​നി​യാണ്. അച്ഛൻ ഷൈജു തോമസ് പൊലീസ് കസ്റ്റഡി​യി​ലാണ്. പി​തൃത്വത്തി​ൽ സംശയം തോന്നി​യാണ് ഇയാൾ ഈ കടുംകൈ ചെയ്തത്.