തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷനിലെ ഗുരുദേവ പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥതാ തർക്കം ഉചിതമായ ഫോറത്തിൽ ഉന്നയിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
കൊച്ചി മെട്രോയുടെ നിർമ്മാണത്തിനായി ഏറ്റെടുത്തതിനെത്തുടർന്നു ലഭിക്കുന്ന നഷ്ടപരിഹാരത്തുകയിൽ അവകാശം ഉന്നയിച്ച് ശ്രീനാരായണ പ്രതിമാ സ്ഥാപന കമ്മിറ്റിയാണ് എസ്.എൻ.ഡി.പിയോഗം നടമ ശാഖയ്ക്കും സംസ്ഥാന സർക്കാരിനും മെട്രോയ്ക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിമ സ്ഥാപിക്കുന്നതിനായി സ്ഥലം വാങ്ങിയത് തങ്ങളാണെന്നാണ് പ്രതിമാസ്ഥാപന കമ്മിറ്റിയുടെ അവകാശവാദം.
തീരുമാനമാകുംവരെ നഷ്ടപരിഹാരത്തുക ന്യായവില ഉറപ്പാക്കിയുള്ള ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നിക്ഷേപിക്കാനും ഇതു പലിശ ലഭിക്കുന്ന അക്കൗണ്ടാണെന്ന് ജില്ലാ കളക്ടറോ തർക്കം പരിഗണിക്കുന്ന കോടതിയോ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.
സ്ഥലം ഏറ്റെടുക്കുമ്പോൾ നീക്കേണ്ടി വരുന്ന ഗുരുദേവ പ്രതിമ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് കളക്ടർ ഉറപ്പാക്കാനും വിധിയിൽ പറയുന്നു.
ഗുരുമന്ദിരത്തിന്റെ പ്രമാണങ്ങൾ ദുരുപയോഗിച്ച് പ്രതിമാ സ്ഥാപന കമ്മിറ്റി നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി എസ്.എൻ.ഡി.പി യോഗം നടമ ശാഖ റവന്യൂ അധികൃതർക്ക് നേരത്തേ പരാതി നൽകിയിരുന്നു. തർക്കം സിവിൽ കോടതിക്ക് വിടണമെന്നും ആവശ്യമുന്നയിച്ചു. സംസ്ഥാന ലാൻഡ്റവന്യൂ കമ്മിഷണറും ഇതേ നിലപാടെടുത്തു. ഈ ഉത്തരവിനെതിരെ പ്രതിമാസ്ഥാപന കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് നടമ ശാഖയുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്.
പുതിയ ഗുരുമന്ദിരം ഉയരും
44 വർഷം മുമ്പാണ് ചെട്ടിപ്പറമ്പിൽ കരുണാകരൻ നൽകിയ ഭൂമിയിൽ ഗുരുമന്ദിരം പണിയുന്നത്. പിന്നാലെ സുപ്രധാനമായ ഈ കവലയ്ക്ക് എസ്.എൻ.ജംഗ്ഷൻ എന്നപേരും ലഭിച്ചു. എസ്.എൻ.ഡി.പി യോഗം നടമ ശാഖയാണ് ഗുരുമന്ദിരം പരിപാലിച്ചിരുന്നത്. പൊളിച്ചു മാറ്റുന്ന മന്ദിരത്തിന് തൊട്ടുപിന്നിൽ പുതിയ ഗുരുമന്ദിരത്തിന് വേണ്ട സ്ഥലം പരേതനായ ചെട്ടിപ്പറമ്പിൽ കരുണാകരന്റെ മകൻ സി.കെ.സജീവൻ ശാഖയ്ക്ക് കൈമാറിക്കഴിഞ്ഞു.
പുതിയ മന്ദിരം തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയാകും
എസ്.എൻ.ജംഗ്ഷനിൽ നിർമ്മിക്കുന്ന പുതിയ ഗുരുമന്ദിരം തൃപ്പൂണിത്തുറ പട്ടണത്തിനും മെട്രോ സ്റ്റേഷനും തിലകക്കുറിയാകുമെന്ന് നടമ ശാഖാ പ്രസിഡന്റ് അഡ്വ. പി.രാജൻ ബാനർജി പറഞ്ഞു. ചെയർമാൻ മഹാരാജാ ശിവാനന്ദന്റെയും കൺവീനർ പി.ഡി.ശ്യാംദാസിന്റെയും തൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയാണ് പുതിയ മന്ദിരനിർമ്മാണത്തിന് സാരഥ്യം വഹിക്കുന്നത്.കമ്മിറ്റിയുടെ വൈസ്ചെയർമാൻ എൽ.സന്തോഷാണ്. ഉടനെ തന്നെ ശിലാസ്ഥാപനവും ഉണ്ടാകും.