പള്ളുരുത്തി: നാടകനടനും സംഗീതജ്ഞനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു.107 വയസായിരുന്നു. പെരുമ്പടപ്പിലെ മകന്റെ വീട്ടിലായിരുന്നു താമസം.ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം.
ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവന്ന ഭാഗവതർ അഞ്ചു വർഷം മുൻപു വരെ സംഗീതം പഠിപ്പിച്ചിരുന്നു. ഏഴാം വയസിൽ നാടക നടനത്തിലൂടെയാണ് കലാരംഗത്ത് എത്തിയത്. കഴിഞ്ഞ മാർച്ച് 29 ന് 107 വയസ് പൂർത്തിയാക്കിയ ഭാഗവതർ ലോക്ക് ഡൗണായതിനാൽ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നു. സംഗീത നാടക അക്കാഡമിയുടേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
നൂറാം വയസിൽ ദിലീപ് നായകനായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ എൻ കരളിൽ താമസിക്കും പെമ്പറന്നോരെ .. എന്ന ഗാനം പാടി ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു.
ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ ഉറ്റ സുഹൃത്തായിരുന്നു. യേശുദാസിന്റെ സഹോദരന്റെ തലതൊട്ടപ്പനും ഭാഗവതരാണ്.
സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.
പരേതയായ ബേബിയാണ് ഭാര്യ. മക്കൾ: സിനിമാതാരം മോഹൻ ജോസ്, ഗായിക സൽമാ ജോർജ്ജ്, സാബു ജോസ്, ഷാദി,
മരുമക്കൾ: ഫെലീഷ്യ, പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ്, ഷൈനി, മണി