പള്ളുരുത്തി: കേരള സൈഗാൾ എന്നറിയപ്പെട്ട പാപ്പുക്കുട്ടി ഭാഗവതർ ഇനി ഓർമ്മ. നാടകത്തിൽ പാടി അഭിനയിച്ചു തുടങ്ങിയ അദ്ദേഹം നാടക നടൻ, ഗായകൻ, കഥാപ്രാസംഗികൻ, സംഗീത ഗുരു, അഭിനേതാവ്, സംഗീതജ്ഞൻ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി. നൂറാമത്തെ വയസിൽ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ എന്റടുക്കൽ വന്നടുക്കും പെമ്പറന്നോരേ എന്ന പാട്ടുപാടി ന്യൂജൻകാർക്ക് വെല്ലുവിളിയായി. ദീലീപും ഭാവനയുമായുള്ള ഗാനരംഗത്തിലാണ് ഭാഗവതർ പാടിയത്. തുടർന്ന് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബെയ് പൊലീസിൽ അഭിനയിച്ചു. അരനൂറ്റാണ്ട് കാലം നാടക രംഗത്ത് അദ്ദേഹം തിളങ്ങിയിരുന്നു. ഇതിൽ മിശിഹാ ചരിത്രം എന്ന നാടകത്തിലെ സ്ത്രീ വേഷമാണ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയത്. തിക്കുറിശി സുകുമാരൻ നായർ, അഗസ്റ്റിൻ ഭാഗവതർ, വൈക്കം വാസുദേവൻ നായർ എന്നിവരോടൊപ്പമുള്ള നാടകാഭിനയമാണ് ഭാഗവതരുടെ കലാജീവിതത്തിന്റെ ഗതി മാറ്റിയത്.തുടർന്ന് സിനിമയിലെത്തി. വില കുറഞ്ഞ മനുഷ്യൻ, വിരുതൻ ശങ്കു, ആൽമരം, ഭാര്യമാർ സൂക്ഷിക്കുക, മുതലാളി, ഒരാൾ കൂടി കള്ളനായി, പഠിച്ച കള്ളൻ എന്നീ സിനിമകളിൽ അഭിനയിച്ചു.
12ാ മത്തെ വയസിൽ തുടങ്ങിയ സംഗീതസപര്യ 107 വരെ തുടർന്നു. നൂറാം വയസിൽ അദ്ദേഹം സംഗീതാർച്ചന നടത്തി ഗിന്നസ് ബുക്കിലെത്തി. 22 ഓളം സിനിമകളിൽ പാടി.
വൈപ്പിൻ മാലിപ്പുറത്ത് 1913 മാർച്ച് 29 ന് മൈക്കിൾ - അന്ന ദമ്പതികളുടെ മകനായി ജനനം.ഏഴാം വയസിൽ വേദമണി നാടകത്തിൽ പാടി അഭിനയിച്ചു. തുടർന്ന് രംഗനാഥ കമ്മത്ത്, കൃഷ്ണൻകുട്ടി ഭാഗവതർ എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. സോജാ രാജകുമാരി എന്ന സൈഗാളിന്റെ ഈരടികൾ ഭാഗവതരിലൂടെ മലയാളക്കരയിലും ഹിറ്റായി. അങ്ങിനെയാണ് കൊച്ചിയിലെ സൈഗാൾ എന്ന പേര് കിട്ടിയത്. സംസ്ഥാന സർക്കാരിന്റെ പ്രശസ്തി പത്രത്തിൽ കേരള സൈഗാൾ എന്നാണ് വിശേഷിപ്പിച്ചത്. 1991 ൽ കേരള സംഗീത നാടക അക്കാഡമി അവാർഡ്, 93ൽ അക്കാഡമി പ്രത്യേക പുരസ്ക്കാരം, 2004ൽ അക്കാഡമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2012 ൽ നടത്തിയ സംഗീത കച്ചേരിയിലൂടെയാണ് ഗിന്നസ് ബുക്കിലെത്തിയത്.
സമ്പത്ത് നോക്കാതെ സപ്തസ്വരങ്ങൾ പകർന്ന് നൽകി ശിഷ്യരുടെയും നാടിന്റെയും ആദരവ് നേടിയ സംഗീത ലോകത്തെ കാരണവരാണ് വിടവാങ്ങിയത്. നൂറാം വയസിലും പെരുമ്പടപ്പിൽ നിന്നും ബസ് - ബോട്ട് മാർഗം വൈപ്പിൻ കരയിൽ എത്തി ശിഷ്യഗണങ്ങൾക്ക് ഭാഗവതർ സംഗീതം പകർന്നു കൊടുത്തിരുന്നു...