# മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സംഘർഷാവസ്ഥ
തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന മൂന്നാംപ്രതി സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവർ അന്വേഷണസംഘം മുമ്പാകെ കീഴടങ്ങി. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മൂന്ന് മാസത്തിലേറെയായി ഒളിവിലായിരുന്നു.
രണ്ടുതവണ ഹൈക്കോടതി അൻവറിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയതാണ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു നിർദേശം. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോടതി പരിസരത്തുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കോടതി നടപടികൾക്ക് ശേഷവും പൊലീസിന് അൻവറുമായി ഏറെനേരം പുറത്തിറങ്ങാനായില്ല.
പ്രളയ ദുരിതാശ്വാസമായി ഗുണഭോക്താക്കൾക്ക് നൽകേണ്ട 10,54,000 രൂപ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.എം. അൻവറിന്റെ അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി. ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്നു അൻവറിന്റെ ഭാര്യയും കേസിലെ പ്രതിയുമായ കൗലത്ത്.
നാശമുണ്ടായ വീടുകൾക്ക് 10,000, 60,000, 1,25,000 , 2,50,000 രൂപ ക്രമത്തിൽ സ്ളാബ് തിരിച്ചാണ് നഷ്ടപരിഹാരം സർക്കാർ നൽകിയത്. വീട് പൂർണമായി നഷ്ടമായവർക്ക് പരമാവധി നാലുലക്ഷം രൂപ വരെയും നൽകിയിരുന്നു. ഈ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രളയത്തിൽ നാശനഷ്ടം സംഭവിക്കാത്ത അൻവറിന്റെ അക്കൗണ്ടിലേക്ക് അഞ്ചുതവണകളായി തുകയെത്തി.
ബാങ്ക് മാനേജർക്ക് സംശയം തോന്നിയതിനെത്തുടർന്ന് രണ്ടാമതെത്തിയ പണം പിൻവലിക്കാൻ അനുവദിച്ചില്ല. ബാങ്ക് പ്രസിഡന്റ് അഡ്വ. ജയചന്ദ്രൻ ജില്ലാ കളക്ടറെ ഇക്കാര്യം അറിയിച്ചതോടെയാണ് വെട്ടിപ്പ് പുറംലോകം അറിഞ്ഞത്. കേസിലെ രണ്ടാംപ്രതിയായ മഹേഷിന്റെ ഭാര്യയും അഞ്ചാംപ്രതിയുമായ നീതു ഒളിവിലാണ്. ഇവർ മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്.
# കൗലത്ത് അൻവറിന്റെ ജാമ്യം റദ്ദാക്കാൻ
പൊലീസ് സുപ്രീംകോടതിയിലേക്ക്
പ്രളയഫണ്ട് തട്ടിപ്പുകേസിൽ നാലാംപ്രതിയും അയ്യനാട് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായിരുന്ന കൗലത്ത് അൻവറിന്റെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. അൻവറിന്റെ ഭാര്യ കൗലത്താണ് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സഹായിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.
കേസിലെ ഒന്നാംപ്രതി വിഷ്ണുപ്രസാദിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിപറയും. കളക്ടറേറ്റിലെ പരിഹാരം സെക്ഷനിൽ ക്ളാർക്കായിരുന്ന വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസ ഫണ്ടിൽനിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.