pic

കൊച്ചി:കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ബ്രാന്‍ഡ് വ്യൂ (Vu) 2 സ്മാര്‍ട്ട് ടിവികള്‍ ഇന്ത്യയിലവതരിപ്പിച്ചു.മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് വില കുറവിലാണ് ടിവികൾ അവതരിപ്പിച്ചിരിക്കുന്നത്.വ്യൂവിന്റെ സിനിമ സ്മാര്‍ട്ട് ടിവി ശ്രേണിയില്‍ അവതരിപ്പിച്ചിരിക്കുന്ന 32-ഇഞ്ച്, 43-ഇഞ്ച് വലിപ്പമുള്ള പുത്തന്‍ ടിവികള്‍ക്ക് യഥാക്രമം Rs 12,999 രൂപയും Rs 21,999 രൂപയുമാണ് വില.ഇന്ന് മുതൽ ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ട് മുഖേന വ്യൂ ടിവി ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡലുകളുടെ വില്പന ആരംഭിക്കും.

32-ഇഞ്ചുള്ള പുത്തന്‍ സ്മാര്‍ട്ട് ടിവിയ്ക്ക് 1366x768 പിക്സല്‍ എച്ഡി എല്‍ഇഡി സ്‌ക്രീന്‍ ആണ്. അതെ സമയം 43-ഇഞ്ച് മോഡലിന് 1920x1080 പിക്സല്‍ ഫുള്‍-എച്ഡി ഡിസ്‌പ്ലേ ആണ്. ഐപിഎസ് പാനല്‍ സ്‌ക്രീനുകളാണ് ഓരോ ടിവി മോഡലുകള്‍ക്കും. അഡാപ്റ്റീവ് ലുമാ കണ്ട്രോള്‍, ഡിജിറ്റല്‍ (MPEG) നോയ്സ് റിഡക്ഷന്‍, ക്രിക്കറ്റിനും, ഗെയ്മുകള്‍ക്കുമായി പ്രത്യേക മോഡ് എന്നിവ പുത്തന്‍ വ്യൂ സ്മാര്‍ട്ട് ടിവികളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുത്തന്‍ ടിവികളില്‍ ഗൂഗിള്‍ പ്ലെയില്‍ നിന്നും ആപ്പുകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനും, ഓടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍, യൂട്യൂബ് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

1 ജിബി റാമും 8 ജിബി സ്റ്റോറേജുമായി ബന്ധിപ്പിച്ച ക്വാഡ് കോര്‍ പ്രോസസറാണ് പുത്തന്‍ വ്യൂ സ്മാര്‍ട്ട് ടിവികളുടെ കരുത്ത്. ബ്ലൂടൂത്ത് 5.0, വൈ-ഫൈ, എച്ച്ഡിഎംഐ സിഇസി, എആര്‍സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. മികച്ച ശബ്ദത്തിനായി രണ്ട് സ്മാര്‍ട്ട് ടിവികളിലും 40W സൗണ്ട് ബാര്‍ ഘടിപ്പിച്ചിരിക്കുന്ന നേര്‍ത്ത ബെസലുകളാണ്. ഇതുകൂടാതെ മാസ്റ്റര്‍ സ്പീക്കറും ട്വീറ്ററുമുണ്ട്. ഈ ശബ്ദ സംവിധാനം ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.