കളമശേരി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് പൊതുജന പങ്കാളിത്തവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് പഠന വിഷയമാകുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ 'വെർച്വൽ സെന്റർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസാണ് ഇതേക്കുറിച്ച് പഠിക്കുന്നത്. യു.ജി.സി സംരംഭം കുസാറ്റ് ഏറ്റെടുക്കുകയായിരുന്നു.പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് ഗ്രാമീണ ജനതയ്ക്ക് കൊവിഡ്-19 നെ പറ്റിയുള്ള അവബോധത്തിന്റെ തോത്, കൊവിഡ് 19 പൊതുജന ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർത്തിയ വെല്ലുവിളികൾ, ഈ വെല്ലുവിളികൾ നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈക്കൊണ്ട നടപടികൾ, ഈ നടപടികളിലെ ജനപങ്കാളിത്തം എന്നീ വിഷയങ്ങളിലാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്.

ജൂൺ 30നകം സമർപ്പിക്കുന്ന പഠന റിപ്പോർട്ടിൽ തുടർനടപടികൾ, പരിഹാരങ്ങൾ തുടങ്ങിയവ നിർദ്ദേശിക്കുമെന്ന് 'വെർച്വൽ സെന്ററിന്റെ' കോഓർഡിനേറ്ററും പഠന സംഘത്തിന്റെ തലവൻ കുസാറ്റ് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ അസി.പ്രൊഫസർ ഡോ. അനീഷ് വി.പിള്ള അറിയിച്ചു. കുസാറ്റിലെ മാനവിക വിഷയങ്ങളും നിയമവും കൈകാര്യം ചെയ്യുന്ന 13 പ്രഗത്ഭരായ അദ്ധ്യാപകരും പഠനസംഘത്തിലുണ്ട്.കൊച്ചി കോർപ്പറേഷൻ, കളമശേരി മുനിസിപ്പാലിറ്റി, തൃക്കാക്കര മുനിസിപ്പാലിറ്റി, ചേരാനല്ലൂർ പഞ്ചായത്ത്, എടത്തല പഞ്ചായത്ത്, പുളിങ്കുന്ന് പഞ്ചായത്ത്, മരട് മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ 500 വ്യക്തികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും റസിഡന്റ്‌സ് അസോസിയേഷനിലെ അംഗങ്ങളെയുമാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വിവരങ്ങൾക്ക് : 8606558242.