pizhala
ഉദ്ഘാടന ദിവസം മൂലമ്പിള്ളി - പിഴല പാലത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയപ്പോൾ

കൊച്ചി: കാത്തിരിപ്പിനൊടുവിൽ നാട്ടിലേക്കൊരു പാലമെന്നത് പിഴലക്കാർക്ക് ഇന്നലെ യാഥാർത്ഥ്യമായി. തൊട്ട് പിന്നാലെ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തുകയാണ്. മൂലമ്പിള്ളി - പിഴല വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. പാലത്തിന്റെ ഉദ്ഘാടന ദിവസം തന്നെയായിരുന്നു പരീക്ഷണയോട്ടം. സൗകര്യപ്രദമായ സമയം നിശ്ചയിച്ച് ആനവണ്ടി ഓടിത്തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഗ്‌മെന്റൽ റിയാലിറ്റിയിലൂടെയാണ് പാലം ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

80 കോടി രൂപ ചെലവഴിച്ചാണ് 608 മീറ്റർ നീളവും 9.6 മീറ്റർ വീതിയുമുള്ള മൂലമ്പിള്ളി - പിഴല പാലം നിർമിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്. മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണ് മൂലമ്പിള്ളി ചാത്തനാട് റോഡ് പദ്ധതി. പ്രധാന കരയുമായി കാര്യമായ ഗതാഗത ബന്ധമില്ലാതെ കിടക്കുന്ന കടമക്കുടി പഞ്ചായത്തിൽ ഉൾപ്പെടുന്ന മൂലമ്പിള്ളി, പിഴല, വലിയകടമക്കുടി ദ്വീപുകളിലെ നിവാസികൾക്ക് പാലത്തിന്റെ പ്രയോജനം ലഭിക്കും.

ഇനിയും രണ്ടു പാലങ്ങൾ കൂടി

ആദ്യഘട്ടമായ മൂലമ്പിള്ളി പിഴല പാലവും കണക്ടിവിറ്റി പാലവുമാണ് ഗതാഗതത്തിന് തുറന്നത്. പിഴല - വലിയകടമക്കുടി, വലിയകടമക്കുടി - ചാത്തനാട് എന്നീ രണ്ട് വലിയ പാലങ്ങളും രണ്ട് ബോക്‌സ് കൾവെർട്ടുകളുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലങ്ങൾ പൂർത്തിയായാൽ എറണാകുളത്തു നിന്ന് പറവൂരിലേക്കുള്ള യാത്ര എളുപ്പമാകും. 2013 ലാണ് പാലം നിർമാണം ആരംഭിച്ചതെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി നീണ്ടുപോയി. പാലങ്ങൾ പൂർത്തിയാക്കാൻ നിരവധ സമരങ്ങൾ ദ്വീപ് നിവാസികൾ നടത്തിയിരുന്നു. പിണറായി വിജയൻ സർക്കാർ വന്നശേഷം യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കണമെന്ന് തീരുമാനിച്ചാണ് ആദ്യഘട്ടം പൂർത്തിയായത്.