കൊച്ചി: ചില്ലുവാതിലാണ് ഇപ്പോൾ നഗരങ്ങളിലെ ഓഫീസുകളിലും ബഹുനില മന്ദിരങ്ങളുടെയും ട്രെൻഡ്. സൂക്ഷിച്ചില്ലെങ്കിൽ ചില്ലുവാതിൽ അപകടകാരിയാണെന്നതിന്റെ തെളിവാണ് പെരുമ്പാവൂരിൽ പൊലിഞ്ഞ യുവതിയുടെ ജീവൻ. വിദേശ രാജ്യങ്ങളിൽ ഒരു പ്രകൃതിജന്യ ഉത്പന്നമെന്ന നിലയിൽ 60 വർഷത്തിലധികമായി വ്യാപകമായി ഉപയോഗിക്കുന്നതാണ് ചില്ലുവാതിലുകൾ.
വാതിലിനായി ഉപയോഗിക്കുന്ന ചില്ല് ബാഹ്യ മർദ്ദത്തെ തടുക്കാനുപകരിക്കും വിധം ടെമ്പർ ചെയ്തുവേണം ഉപയോഗിക്കാൻ. ടെമ്പർ ചെയ്ത ചില്ലുടഞ്ഞാൽ ജീവാപായം സംഭവിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഗുണം
ക്ലീനർ ഉപയോഗിച്ച് തുടച്ചെടുത്താൽ ചില്ല് പുതിയതുപോലെയാകും. സിമന്റ് ചുവരുകളെ പോലെ പെയിന്റടിച്ചു പുതുമ നിലനിറുത്തേണ്ടണ്ട.
പരിമിതി
പല കാരണങ്ങൾ കൊണ്ടും പൊട്ടി അപകടമുണ്ടാക്കാം. ടെമ്പർ ചെയ്ത ഗ്ലാസിന് വില കൂടുതൽ
ടെമ്പർ ചെയ്യുന്നത്
690 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടാക്കിയ ശേഷം പെട്ടെന്ന് തണുത്ത കാറ്റടിച്ച് സാധാരണ നിലയിലാക്കിയാണ് ചില്ല് ടെമ്പർ ചെയ്യുന്നത്. ഇത്തരം പ്രക്രിയക്ക് വിധേയമാക്കുന്ന ചില്ലു പൊട്ടിയാൽ ചെറിയ ഒട്ടേറെ കഷണങ്ങളായി ചിതറും. ടെമ്പർ ചെയ്യുന്നതോടെ ചില്ലിന് അഞ്ചിരട്ടി ബാഹ്യമർദ്ദങ്ങളെ ചെറുക്കാൻ ശക്തി ലഭിക്കും. ചിലപ്പോഴെങ്കിലും ടെമ്പർ ചെയ്ത ചില്ലും ഉടയാം. ചില്ലിന്റെ നിർമാണ ഘട്ടത്തിന്റെ ഭാഗമായി അസംസ്‌കൃത വസ്തുവിൽ നിന്നും മാലിന്യം വേർതിരിക്കുമ്പോൾ നീക്കാൻ കഴിയാത്ത നിക്കൽ സൾഫൈഡ് അടങ്ങിയ ഭാഗം ഉൾപ്പെടുന്ന ചില്ല് ചിലപ്പോഴെങ്കിലും അകാരണമായി പൊട്ടിച്ചിതറാം. ടെമ്പർ ചെയ്ത ഇരട്ട പാളി ചില്ലുകൾക്കിടയിൽ പ്ലാസ്റ്റിക് ഷീറ്റുള്ള ടെമ്പേർഡ് ലാമിനേറ്റഡ് സേഫ്ടി ഗ്ലാസാണ് ഉപയോഗത്തിന് നല്ലത്. ഇത് പൊട്ടിയാൽ ചില്ല് പ്ലാസ്റ്റിക് പാളിയിൽ പിടിച്ചിരിക്കും. പൊട്ടിയോ പൊടിഞ്ഞോ താഴെ വീഴില്ല.
സാങ്കേതിക പരിമിതി അറിഞ്ഞ് ഉപയോഗിച്ചാൽ നൂറ് വർഷത്തിലേറെ പുതുമയോടെ നിലനിൽക്കുന്നതാണ് ചില്ല്. ഇംഗ്ലണ്ടിൽ ഒന്നര മീറ്ററിൽ കൂടുതൽ ഉയരമുള്ള ചില്ലെല്ലാം ടെമ്പർ ചെയ്യണമെന്നാണ് നിയമം. അതിൽ ജീവപായം സംഭവിക്കാനുള്ള സാദ്ധ്യത കുറവാണ്.
ഊർമിളേഷ് കുമാർ
ചില്ലുവാതിൽ വിദഗ്ദ്ധൻ