കൊച്ചി: പാരാതികളും പ്രതിഷേധങ്ങൾക്കും പുല്ലുവില. നഗരത്തിൽ കെ.എം.ആർ.എല്ലിന്റെ അശാസ്ത്രീയ ഓടനിർമാണം തുടരുന്നു. കൊച്ചി നഗരം വെള്ളത്തിൽ മുങ്ങാതിരിക്കാൻ ജില്ല ഭരണകൂടവും കോർപ്പറേഷനും കഠിന പ്രയക്തനം നടത്തുമ്പോഴാണ് കെ.എം.ആർ.എല്ലിന്റെ തരികിടപ്പണി. മെട്രോയുമായി ബന്ധപ്പെട്ട് കെ.എം.ആർ.എൽ നിർമ്മിച്ച പല ഓടകളിലൂടെയുള്ള ഒഴുക്ക് തടസപ്പെടുന്ന രീതിയിലും പലതിന്റെയും ഒഴുക്ക് തിരിച്ചുവിടുന്ന വിധവുമാണ്. ഇത്തരം അശാസ്ത്രീയ നിർമ്മാണങ്ങളാണ് കഴിഞ്ഞ ഒക്ടോബറിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
തടസമായി ഓടകൾ
നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ആരംഭിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലും കോർപ്പറേഷന്റെ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾക്കിടയിലുമാണ് ഓടകളുടെ അപാകതകൾ കണ്ടെത്തിയത്. കെ.എം.ആർ.എൽ നിർമ്മിച്ച ഇത്തരം ഓടകൾ പുതുക്കിപ്പണിയാനും നീരൊഴുക്ക് സുഗുമമാക്കാനും കളക്ടറും മേയറും മന്ത്രി വി.എസ്.സുനിൽകുമാറും നിർദ്ദേശം നൽകിയിരുന്നു.
ഇത് അനുസരിച്ച് കാനകൾ ഏറെകുറെ കെ.എം.ആർ.എൽ പുതുക്കിപ്പണിതു.എന്നാൽ വലിയ കൾവെട്ടുകളിലെ തടസങ്ങൾ ഇപ്പോഴും പരിഹരിക്കാനായിട്ടില്ല.
രീതി മാറ്റണം
കലൂർ, ഇടപ്പള്ളി, എം.ജി.റോഡ് ഭാഗങ്ങളിലാണ് നിലവിൽ കാനകളുടെ അശാസ്ത്രീയമായ നിർമ്മാണങ്ങൾ നടക്കുന്നത്. ഈ ഭാഗത്തെ പ്രധാന കൾവെട്ടുകളിൽ ചതുരാകൃതിയിലുള്ള സിമന്റ് ബോക്‌സുകളിറക്കി ഓടനിർമ്മിക്കുന്നതാണ് ശാസ്ത്രീയരീതി. അത്തരത്തിൽ നിർമ്മാണം നടത്തണമെന്നാണ് കെ.എം.ആർ.എല്ലിനോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടത്. എന്നാൽ ഭിത്തികെട്ടി അതിനുള്ളിൽ പൈപ്പുകൾ സ്ഥാപിച്ച് കൾവെട്ടുകളിലേക്ക് വെള്ളം ഒഴുക്കുന്ന രീതിയിലാണ് നിർമ്മാണങ്ങൾ നടത്തുന്നത്. ഇവിടേക്ക് ചെറിയ അളവിൽ പോലും മാലിന്യങ്ങൾ എത്തിയാൽ ഒഴുക്ക് തടസപ്പെടും
പി.എം.ഹാരിസ്
പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ
കേബിളുകൾക്കും ഭീഷണി
പേരണ്ടൂർ കനാൽ, ശാസ്താടെംബിൾ റോഡ് എന്നിവിടങ്ങളിൽ വാട്ടർഅതേറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും മറ്റ് സ്വകാര്യ ടെലഫോൺ കമ്പനികളുടെയും കേബിൾ കടന്നുപോകുന്നത് ഇത്തരം ഓടകൾക്കുള്ളിലൂടെയാണ്. കേബിളുകളിൽ പെട്ടെന്ന് മാലിന്യം കുടുങ്ങും. അതാണ് ഒഴുക്ക് തടസപ്പെടാൻ പ്രധാനകാരണം. അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണങ്ങളും മറ്റ് സ്ഥാപനങ്ങളുടെ പൈപ്പുകളും കേബിളുകളും വലിയ രീതിയിൽ വെള്ളക്കെട്ടിന് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ജില്ല ഭരണകുടവും സർക്കാറും ഇടപെട്ട് മലിനജലവും മഴവെള്ളവും ഒഴുകിപ്പോകുന്ന ഓടകളിൽ നിന്ന് ഇത്തരം തടസങ്ങൾ ഒഴിവാക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്.