കൊവിഡിന് മുന്നിൽ തോൽക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ
കോലഞ്ചേരി: കൊവിഡ് കാലത്ത്, ജീവിതം വഴി മുട്ടിയപ്പോൾ 'വഴിയിലേക്കിറങ്ങിയവരിൽ' താല്ക്കാലിക അദ്ധ്യപകരും, പ്രവാസികളും, ട്രക്ക്, ടാക്സി ഉടമകളും, ഡ്രൈവർമാരും, ബസ് ജീവനക്കാരുമുണ്ടായിരുന്നു. കുടുംബം പോറ്റാൻ ഇവർ കണ്ടെത്തിയത് വ്യത്യസ്ത വഴികളും.
ചിപ്സ്, പച്ചക്കറി, കുട, പഴം, മീൻ കച്ചവടം തുടങ്ങി എല്ലാ വഴികളും തേടിയാണ് ജീവിതം. അഭിമാനം നോക്കി നിന്നാൽ ഗതികേടിലാകുമെന്ന തിരിച്ചറിവിലാണ് അൺ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായ സിറാജ് റമ്പൂട്ടാൻ വില്പനയ്ക്ക് ഇറങ്ങിയത്. സ്വന്തം ബുള്ളറ്റിൽ എം.സി റോഡിന്റെ വിവിധ ഭാഗങ്ങളാണ് കച്ചവടകേന്ദ്രങ്ങൾ. വീട്ടിലെ റമ്പൂട്ടാൻ പറിച്ചു വിറ്റാണ് കച്ചവടം തുടങ്ങിയത്. നാലാം ദിവസം ആ മരം കാലി. വിറ്റ വകയിൽ 30,000 രൂപ കൈയ്യിൽ വന്നപ്പോൾ പഴമുള്ള വീടുകൾ കണ്ടെത്തി മൊത്തമായി വാങ്ങി നിർത്തി അതാതു ദിവസം ആവശ്യത്തിനുള്ളത് പറിച്ചെടുത്ത് ഫ്രഷായാണ് വില്പന. ദിവസവും എല്ലാ ചിലവും കഴിഞ്ഞ് 1200-1500 വരെ മിച്ചം കിട്ടും. സ്കൂൾ തുറന്നാൽ തിരികെ ജോലിക്കു തന്നെ.
ഇത്തരത്തിൽ ചിപ്സുമായി വില്പനയ്ക്ക് ഇറങ്ങിയ മുടിയ്ക്കൽ സ്വദേശി കബീർ നാല് നാഷണൽ പെർമിറ്റ് ട്രക്കുകളുടെ ഉടമയാണ്. പക്ഷേ ഓട്ടമില്ല. രണ്ട് ലോറികളുടെ ഇൻഷ്വറൻസ് തീർന്നതോടെ മൂന്നെണ്ണം ഓട്ടം നിറുത്തി. ഒരെണ്ണം അനുജനെ ഏല്പിച്ചു. സ്വന്തം റിറ്റ്സ് കാറിൽ ചിപ്സുമായിറിങ്ങി. എം.സി റോഡ് പുല്ലുവഴിയിലാണ് വില്പന. കൂടെ സഹായി പ്രവാസി സുഹൃത്തുമുണ്ട്. ഫെബ്രുവരിയിൽ ലീവിനു വന്നതാണ്. രണ്ട് പേരും റോഡിന്റെ രണ്ടറ്റത്ത് നിന്നാണ് വില്പന. പ്രതി ദിനം 200-300 കിലോ വില്ക്കും. എല്ലാം കഴിഞ്ഞ് കുറഞ്ഞത് 2000 രൂപ മിച്ചം കിട്ടും. എന്നിനി ലോറികൾ കൃത്യമായി ഓടുന്നുവോ അന്നു വരെ ഇവിടെ കാണും.
നെടുമ്പാശേരി എയർപോർട്ടിലെ 20 ടാക്സിക്കാർ ചേർന്ന് പറവൂരിൽ ഒരാളുടെ വീട്ടിൽ ചിപ്സുണ്ടാക്കി പായ്ക്ക് ചെയ്താണ് വിറ്റാണ് ഇപ്പോൾ ജീവിതം. 20 കാർ എറണാകുളം പട്ടണമടക്കം ഇരുപതിടത്തുണ്ട്. കാർ ഓടിച്ചാൽ കിട്ടുന്നതിലും മെച്ചമുണ്ടിപ്പോൾ. ഡ്രൈവിംഗ് തുടരണമോ എന്ന കാര്യം ആലോചനയിലാണെന്നാണ് മാഞ്ഞാലിക്കാരൻ ബെന്നി പറയുന്നത്.
വൈപ്പിൻ സ്വദേശികളായ ഉന്നത വിദ്യാഭ്യാസമുള്ള ഭാര്യയും ഭർത്താവും ട്യൂഷൻ നിന്നപ്പോൾ മറ്റൊന്നും നോക്കാതെ മാരുതി കാറിൽ മീനുമായിറങ്ങി. ജീവിച്ചു പൊക്കോട്ടെ മറ്റൊരു വഴിയില്ലാന്നാണ് ഇവർക്കും പറയാനുള്ളത്. മാസ്കുള്ളതാണത്രെ സൗകര്യം. ശിഷ്യഗണങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ലല്ലോ.