തിരുമാറാടി: മണ്ണത്തൂർ ആത്താനിക്കൽ നിന്നിരുന്ന എം.വി.ഐ.പി വക കട്ട് ആൻഡ് കവറിംഗ് മുകളിലുള്ള ട്രാഫിക് ഐലന്റ് ജെ.സി.ബി ഉപയോഗിച്ച് തകർക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം അനൂപ് ജേക്കബ് എം.എൽ.എ ഇടപെട്ട് തടഞ്ഞു. സ്ഥലത്തെത്തിയ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഐലന്റിന്റെ തകർന്ന ഭാഗങ്ങൾ പഞ്ചായത്ത് ചെലവിൽ പുനസ്ഥാപിക്കാമെന്ന് രേഖാമൂലം ഉറപ്പ് കൊടുത്തു. എന്നാൽ എം.വി.ഐ.പിയുടെ അനുമതിയില്ലാതെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന സ്ഥലത്തേക്കുള്ള കടന്നുകയറ്റം നിർത്തി വെക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് എം.എൽ.എ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിനോട് പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
#പൊലീസിന് പരാതി നൽകി
ഇത് തകർക്കാൻ ശ്രമിച്ചതിനെതിരെ എം.വി.ഐ.പി ഉദ്യോഗസ്ഥർ കൂത്താട്ടുകുളം പൊലീസിന് പരാതി നൽകിയിരിക്കുകയാണ്. ഇത് തകർക്കാൻ ഉപയോഗിച്ച് ജെ.സി.ബി കസ്റ്റഡിയിൽ എടുക്കണമെന്നും എം.വി.ഐ.പി വക സ്ഥലം പൂർവസ്ഥിതിയിലാക്കി അത്താണി അവിടെ സ്ഥാപിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.