ആലുവ: ആലുവയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് ടെർമിനലിന്റെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. ആറ് കോടിയോളം രൂപ ചെലവിലാണ് ടെർമിനൽ മന്ദിരം നിർമ്മിക്കുന്നത്. പുതിയ ടെർമിനൽ നിർമ്മാണം ഇവിടെയെത്തുന്ന യാത്രക്കാർക്ക് സമ്മാനിക്കുന്നത് ദുരിതംമാത്രം. ഇതിനിടയിൽ ഒരുവിഭാഗം ജീവനക്കാർ കാര്യമായ പണിയൊന്നുമില്ലാതെ സുഖിച്ച് കഴിയുകയാണെന്നാണ് ആക്ഷേപം.
ടെർമിനൽ നിർമ്മാണത്തെത്തുടർന്ന് സ്റ്റാൻഡിൽ യാത്രക്കാർക്കായി താത്കാലിക കാത്തുനിൽപ്പ് കേന്ദ്രത്തിനും അന്വേഷണ കൗണ്ടറിനും സൗകര്യമൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ സർവീസ് പുനരാരംഭിച്ച് ആഴ്ച്ചകൾ പിന്നിട്ടിട്ടും എൻക്വയറി കൗണ്ടർ പ്രവർത്തനമാരംഭിച്ചിട്ടില്ല. യാത്രക്കാരുടെ കാത്തുനിൽപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ച കൗണ്ടർ പൊടിപിടിച്ച് കിടക്കുകയാണ്.
ലോക്ക് ഡൗൺ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബസുകൾ നാമമാത്രമായാണ് സർവീസ് നടത്തുന്നത്. ആലുവ ഡിപ്പോയിൽ നിന്നുണ്ടായിരുന്ന 68 സർവീസുകളിൽ ഇപ്പോൾ 25ൽ താഴെ മാത്രമാണ് സർവീസ് നടത്തുന്നത്. അതിനാൽ യാത്രക്കാർക്ക് പതിവിലും കൂടുതൽ സമയം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ബസിന്റെ സമയം അന്വേഷിക്കാമെന്ന് വിചാരിച്ചാൽ കൗണ്ടറിലും ആളുണ്ടാവില്ല.
ഏതെങ്കിലും ബസിന്റെ ജീവനക്കാരിൽ നിന്ന് വിവരം കിട്ടിയാലായി.
# ബസുകൾ നിയന്ത്രിക്കാൻ ആളില്ല
ഇൻസ്പെക്ടർ തസ്തികയിൽ ജോലി ചെയ്യുന്നവരാണ് സാധാരണയായി കൗണ്ടറിൽ വിവരങ്ങൾ നൽകിയിരുന്നത്. ഇവരെല്ലാം ഇപ്പോഴും ഡ്യൂട്ടിയിലുണ്ടെങ്കിലും ബസ് സ്റ്റാൻഡിന് പിന്നിലെ ഗാരേജിനോട് ചേർന്നുള്ള ഓഫീസ് കെട്ടിടത്തിലാണ് ഇരിക്കുന്നത്. സ്റ്റാൻഡിൽ ബസുകൾ നിയന്ത്രിക്കാൻ പോലും ആളില്ല. ഡ്രൈവർക്കും കണ്ടക്ടർക്കും ഇഷ്ടമുള്ളപ്പോൾ സർവീസ് ആരംഭിക്കുമെന്നതാണ് അവസ്ഥ. നേരത്തെ കൗണ്ടറിൽ ആളുണ്ടായിരുന്നപ്പോൾ ഏത് ഭാഗത്തേക്കാണ് കൂടുതൽ യാത്രക്കാർ ഉള്ളതെന്ന് നോക്കി അങ്ങോട്ട് ബസ് ഏർപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. അതും ഇപ്പോൾ നിലച്ചു. അതിനാൽ കൂടുതൽ യാത്രക്കാർ കാത്തുനിൽക്കുന്ന റൂട്ടിൽ പോകാതെ ആളില്ലാത്ത റൂട്ടിൽ സർവീസ് നടത്തുന്ന സാഹചര്യവുമുണ്ട്.
# പരാതിക്ക് പരിഹാരമില്ല
ഈ സാഹചര്യം ഒഴിവാക്കാൻ ജീവനക്കാരുടെ സംഘടന തന്നെ കൗണ്ടറിൽ ആളെ നിയോഗിക്കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.