കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാറിന് നിയമപരമായി ഏറ്റെടുക്കാൻ തടസമില്ലെന്ന് ഹൈക്കോടതി. ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുതെന്നും, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മാത്രമേ നടപടി സ്വീകരിക്കാവൂവെന്നും ഇടക്കാല ഉത്തരവിൽ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.
എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവിനെതിരെ ബിലീവേഴ്‌സ് ചർച്ചിന്റെ കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം. കഴിഞ്ഞയാഴ്ചയാണ് എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായത്. കോട്ടയം കലക്ടർക്കാണ് ചുമതല. ഉടമസ്ഥാവകാശ തർക്കമുള്ളതിനാൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കാനാണ് ഉത്തരവ്. നഷ്ടപരിഹാരം ഉടമകളായ തങ്ങൾക്ക് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ നൽകിയ ഹർജി പാലാ സബ് കോടതിയിലാണ്. ഹർജി തീർപ്പാകും മുമ്പ് ഏറ്റെടുക്കുന്നത് നിയമപരമല്ലെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്നാണ് നിയമപരമായി ഭൂമി ഏറ്റെടുക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലിന്
പിന്നിൽ വൻഅഴിമതി: സുധീരൻ
തിരുവനന്തപുരം:ശബരിമല വിമാനത്താവളത്തിന് സർക്കാർ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുക്കുന്നതിനു പിന്നിൽ ഗൂഢാലോചനയും വൻഅഴിമതിയും ഉണ്ടെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ തന്നെ പണം കെട്ടിവയ്ക്കുന്നത് അസാധാരണമാണ്. ഭൂമിയുടെ അവകാശം സർക്കാരിനല്ലെന്ന് സർക്കാർതന്നെ സ്ഥാപിക്കുന്നത് ഗൂഢോദ്ദേശ്യത്തോടെയാണ്.
യു.ഡി.എഫ് സർക്കാർ അഭിഭാഷകയായ സുശീലഭട്ടിനെ നിയമിച്ച് നടത്തിയ കേസിൽ സിംഗിൾ ബെഞ്ച് വിധി സർക്കാരിന് അനുകൂലമായിരുന്നു. രാജമാണിക്യം കമ്മിറ്റി 39,000ഏക്കർ വരുന്ന ഭൂമി സർക്കാന്റെതാണെന്ന് കണ്ടെത്തി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, പിണറായി സർക്കാർ കൈയേറ്റക്കാരിൽ നിന്നു കരം സ്വീകരിച്ച് ഭൂമി അവരുടേതെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.
എസ്റ്റേറ്റിലെ നിർമാണങ്ങൾക്കും കാർഷിക വിളകൾക്കുമാണ് നഷ്ടപരിഹാരം നൽകുന്നതെന്ന റവന്യൂ മന്ത്രിയുടെ വാദം കുത്തകകൾക്ക് അനുകൂലമാണ്. കുത്തക കമ്പനികൾ കൈയടക്കിവച്ചിരിക്കുന്ന അഞ്ചര ലക്ഷം ഏക്കർ പൊതുഭൂമിയെയാണ് ഈ തീരുമാനം ബാധിക്കുക. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ ഉത്തരവ് റദ്ദാക്കണം.വിമാനത്താവളം വേണമെന്നു തന്നെയാണ് അഭിപ്രായമെന്നും സുധീരൻ പറഞ്ഞു.