അങ്കമാലി: നിത്യേനയുള്ള ഇന്ധനവില വർദ്ധനവിനെതിരെയും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതീകാത്മകമായ തൂക്കിലേറ്റൽ സമരം സംഘടിപ്പിച്ചു. കൊവിഡിനെ തുടർന്ന് കൂടുതൽ പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖല തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ 16 ദിവസത്തിനിടെ 10 രൂപയോളമാണ് ഡീസൽവില വർദ്ധിച്ചത്.
മരണവീട്ടിൽ പോക്കറ്റടി നടത്തുന്നതിന് തുല്യമാണ് സർക്കാരിന്റെ ഇപ്പോഴത്തെ നടപടി. പെട്രോളിനും ഡീസലിനും അടിസ്ഥാന വില കേവലം 24.80 രൂപ മാത്രമാണെങ്കിലും ബാക്കി തുക കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൊള്ളയടിക്കുകയാണ്. ബസുകൾക്കുള്ള ഡീസലിന് സബ്‌സിഡി ഏർപ്പെടുത്തുക, റോഡ് നികുതി ഒരു വർഷത്തേക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അങ്കമാലി ടൗൺ ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി. ജിബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ഒ. ഡേവിസ്, സംസ്ഥാന കമ്മിറ്റിഅംഗം ജോളി തോമസ്, യൂണിയൻ ഭാരവാഹികളായ പി.ടി. പോൾ,പി.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.