കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റ് പരിഷ്കരണം എന്ന് അവസാനിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ജില്ലയിലെ നടപടികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ഇതോടെ ലൈസൻസ് എടുക്കൽ, കാലാവധി തീർന്ന ലൈസൻസ് പുതുക്കൽ, ലേണിംഗ് ടെസ്റ്റുകൾ, ഡ്രൈവിംഗ് ടെസ്റ്റുകൾ എന്നിവ നടത്താനാവാത്ത സ്ഥിതിയായി. ഫീസ് നേരത്തെ അടച്ചവരും പുതിയ ലൈസൻസിനനായി കാത്തിരുന്നവരും ഉൾപ്പടെ പതിനായിരങ്ങളാണ് ഇതുമൂലം വെട്ടിലായത്. സാരഥി എന്ന സോഫ്റ്റ്‌വെയറാണ് മോട്ടോർ വാഹന വകുപ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ നടപടി ക്രമങ്ങളെല്ലാം കേന്ദ്ര പോർട്ടലായ പരിവാഹനിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.
ഈമാസം 18 നാണ് സോഫ്റ്റ്‌വെയർ മാറ്റം ആരംഭിച്ചത്. നടപടി ക്രമങ്ങൾ എന്ന് അവസാനിപ്പിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് സേവങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ എം.വി.ഡി. സോഫ്റ്റ് വെയറായ സാരഥിയിലൂടെ ഓൺലൈനിൽ ഫീസുകൾ അടക്കാനുള്ള സൗകര്യം നൽകിയിരുന്നു. എന്നാൽ സോഫ്റ്റ്‌വെയർ വലച്ചതിനാൽ ലേണേഴ്‌സ് ടെസ്റ്റുകൾ നടന്നില്ല. മോട്ടോർ വെഹിക്കിൾ ഓഫീസിൽ പരീക്ഷയ്ക്കെത്തിയ അപേക്ഷകർ കൂട്ടതോടെ പ്രതിഷേധിച്ചു.
ഡ്രൈവിംഗ് ലൈസൻസ് വിതരണ ശൃംഖലയാകെ പരിവാഹനിലേക്ക് പുതുക്കാനുള്ള സംവിധാനമാണ് കേന്ദ്രം ഒരുക്കിയത്. പരിവാഹൻ യാഥാർത്ഥ്യമായാൽ രാജ്യത്ത് എവിടെ നിന്നും ലൈസൻസിന് അപേക്ഷിക്കാനാവും. ഒപ്പം കൂടുതൽ ലൈസൻസുകൾ കൈവശം വയ്ക്കുന്നവരെയും കുടുക്കാനും കഴിയും.
ഉടൻ ശരിയാകുമെന്ന് പ്രതീക്ഷ
സ്മാർട്ട് ഫോണുകളിൽ നിന്ന് ഓൺലൈനായി സാരഥിയിൽ ഫീസ് അടക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. തുടർന്നാണ് അപേക്ഷകരുടെ ഫീസ് സ്വീകരിച്ചത്. പിന്നീട് മറ്റു സേവനങ്ങൾ നൽകാൻ സാധിക്കാതായതോടെ നിറുത്തിവയ്ക്കുകയായാരുന്നു. സോഫ്റ്റ് വെയർ മാറ്റം ഉടൻ പൂർത്തിയാകും. അതിന് ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
കെ. മനോജ് കുമാർ
ആർ.ടി.ഒ.
എറണാകുളം
ഇരട്ടിപ്പണി
ലോക്ക് ഡൗണിന് മുമ്പു മുതലുള്ള നിരവധി അപേക്ഷകളാണ് ഡ്രൈവിംഗ് സ്‌കൂളുകളിൽ കെട്ടി കിടക്കുന്നത്. ഡ്രൈവിംഗ് പഠനം നിലച്ചിരിക്കുകയാണെങ്കിലും ഇത് പുനരാരംഭിക്കുന്നതോടെ ഇരട്ടിപ്പണിയാവും. മാർച്ച് 10 മുതൽ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. അതിനു മുമ്പു വരെയുള്ള അപേക്ഷകൾ മുടങ്ങിക്കിടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പ്രവർത്തനം പൂർവ സ്ഥിതിയിലാവുമെന്നാണ് പ്രതീക്ഷ.
സജികുമാർ
പ്രദീപ് ഡ്രൈവിംഗ് സ്കൂൾ
കൊച്ചി