മൂവാറ്റുപുഴ: തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ വൻതോതിൽ കൂലി വർദ്ധിപ്പിച്ച് അന്യസംസ്ഥാന തൊഴിലാളികൾ.ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നു മാത്രം വിവിധ മേഖലയിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പേരാണ് നാട്ടിലേക്കു മടങ്ങിയത്. ഇതുമൂലം തൊഴിലാളികളെ കിട്ടാതെ വിളവെടുക്കാൻ പോലും കഴിയാതെ വിഷമിക്കുന്ന കർഷകർക്ക് ഇപ്പോൾ കൂലി കൂടുതൽ കൊടുത്താലും ആളെ കിട്ടാത്ത സാഹചര്യമാണുള്ളത്.
അന്യസംസ്ഥാന തൊഴിലാളികളിൽ വലിയ വിഭാഗം നാട്ടിലേക്കു മടങ്ങിയതോടെ നാട്ടിലേക്ക് പോകാതെ അവശേഷിക്കുന്ന തൊഴിലാളികൾ കൂലി ക്രമാതീതമായി വർദ്ധിപ്പിച്ചിരിക്കുകയാണ്.
#നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ല
മുടങ്ങിക്കിടന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നിർമാണ മേഖലയിലും തൊഴിലാളികളെ കിട്ടാനില്ല. വൻ വാഗ്ദാനങ്ങളും കൂലി വർധനയുമൊക്കെ നൽകിയാണ് പലരും തൊഴിലാളികളെ പിടിച്ചു നിർത്തുന്നത്. ഇതിനിടയിലും അവശേഷിക്കുന്നത്തൊഴിലാളികളും കൂടി നാട്ടിലേക്കു മടങ്ങിയാൽ നിർമാണ ,കാർഷിക, വ്യവസായ മേഖല പൂർണ സ്തംഭനത്തിലേക്ക് നീങ്ങും.
#അമിതകൂലി വർദ്ധനവ്
തൊഴിലാളി ക്ഷാമത്തെ തുടർന്ന് നിർമാണ, കാർഷിക, വ്യവസായ മേഖലയാകെ സ്തംഭനത്തിലാണ്. ഇത് കണക്കിലെടുത്താണ് അമിതകൂലി വർദ്ധനവ്. 300 രൂപമുതൽ 500 രൂപ വരെയാണ് കൂലിയിൽ വർധന വരുത്തിയിരിക്കുന്നത്. ഹെൽപർമാർ 300 രൂപയും മേസൺ 500 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.നിർമാണ മേഖലയിൽ ഹെൽപ്പർമാർ 700 രൂപയിൽ നിന്ന് 1000 രൂപയാക്കിയപ്പോൾ മേസൺ 1200 രൂപയാക്കിയിരിക്കുകയാണ്. കാർഷിക മേഖലയിൽ തോട്ടമൊരുക്കുന്നവരും വിളവെടുക്കുന്നവരും കൃഷി പരിചരണം നടത്തുന്നവരുമൊക്കെ 100 മുതൽ 200 രൂപ വരെ കൂലിയിൽ വർധന വരുത്തി കഴിഞ്ഞു.
#ഭക്ഷണ വിതരണ കേന്ദ്രം സ്തംഭനാവസ്ഥയിൽ
ജില്ലയുടെ കിഴക്കൻ മേഖലയിൽ കാർഷീക, നിർമ്മാണ , വ്യവസായ മേഖലയിലും വിശേഷിച്ച് ഹോട്ടലടക്കുമുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും തൊഴിലെടുക്കുന്നതിന് ആളെ കിട്ടാനില്ലെന്നുള്ള അവസ്ഥയായതിനാൽ ഇൗ മേഖലകളെല്ലാം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
ഒ.കെ. മോഹനൻ,കർഷകസംഘം മൂവാറ്റുപുഴ ഏരിയ വെെസ് പ്രസിഡന്റ്