കൊച്ചി: പറഞ്ഞ സമയത്ത് കൊച്ചി കാൻസർ സെന്റർ പണിത് തീരില്ലെന്ന് ഉറപ്പായി. ലോക്ക് ഡൗൺ ഇളവ് നേടി എൻജിനീയർമാർ കൊച്ചി കാൻസർ സെന്റർ നിർമ്മാണ മേൽനോട്ടത്തിന് എത്തിയപ്പോൾ പണിയെടുക്കാനുള്ള തൊഴിലാളികൾ വീട്ടിൽ പോയി. 150 പേർ പണി ചെയ്തിടത്ത് ഇപ്പോൾ 48 പേർ മാത്രം.

2018ലെ ആദ്യപ്രളയ കാലത്ത് നിലച്ച കാൻസർ സെന്ററിന്റെ നിർമ്മാണം ഏറെകാലത്തിന് ശേഷമാണ് പുനരാരംഭിച്ചത്. ശേഷം പണിതു കൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണപ്പോഴും നിർമ്മാണം നിലച്ചു. നിർമ്മാണ കമ്പനിയായ ഇൻകെൽ പ്രതിക്കൂട്ടിലായെങ്കിലും പിന്നീട് പണി തുടരാൻ സർക്കാർ അനുമതി നൽകി. ഈ വർഷം പണി തകൃതി ആയിരിക്കെയാണ് ലോക്ക് ഡൗൺ. നിർമ്മാണത്തിന് ഉപകരാറെടുത്തിരുന്ന തമിഴ്നാട് ആസ്ഥാനമായ പി ആൻഡ് സി കമ്പനിയിലെ തൊഴിലാളികൾ കാൻസർ സെന്ററിനോട് ചേർന്ന് താമസിക്കുകയായിരുന്നു. ലോക്ക്ഡൗണിൽ ഇളവ് വന്നതിന് ശേഷം എൻജിനീയർമാരിൽ പലരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തിരികെയെത്തി. 14 ദിവസത്തെ ക്വാറന്റൈനിലാണ് ചില എൻജിനീയർമാർ. അപ്പോഴാണ് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നത്. അതോടെ തൊഴിലാളികൾ അന്യസംസ്ഥാനങ്ങളിലുള്ള വീടുകളിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികെ തിരികെയെത്തിക്കാൻ സർക്കാർ മുൻകൈ എടുത്താൽ അടുത്ത മാസത്തോടെ പണി പൂർണ്ണതോതിലെത്തിക്കാനാകുമെന്ന് ഇൻകെൽ അധികൃതർ പറയുന്നു.

''പല കാരണങ്ങൾ കാട്ടിയാണ് ഇൻകെൽ പലപ്പോഴും നിർമ്മാണം വൈകിക്കുന്നത്. കഴിവുള്ള എൻജിനീയർമാരെ സ്ഥലം മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. നിർമ്മാണം വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും കത്തയച്ചിട്ടുണ്ട്.''

ഡോ. എം.കെ സനിൽകുമാർ

ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്