ആലുവ: എടത്തല പഞ്ചായത്ത് തേവയ്ക്കൽ കൈലാസ് കോളനിയിലെ പള്ളത്താനപറമ്പിൽ ജോസഫിന്റെയും ചിറമേൽ വീട്ടിൽ ബാപ്പുവിന്റേയും കുടുംബങ്ങൾ കനത്തമഴ വരരുതേയെന്ന പ്രാർത്ഥനയിലാണ്. രണ്ട് വർഷം മുമ്പ് കാലവർഷത്തിൽ ജോസഫിന്റെ വീടിനോട് ചേർന്ന സംരക്ഷണഭിത്തി തകർന്നിരുന്നു. തകർന്ന കരിങ്കൽഭിത്തി താഴെയുള്ള ബാപ്പുവിന്റെ വീട്ടിൽതട്ടി തങ്ങിനിൽക്കുകയാണ്. ഇതോടെ രണ്ട് വീടും അപകടാവസ്ഥയിലായി. അന്നുമുതൽ സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏത് നിമിഷവും നിലം പതിക്കാവുന്ന വീട്ടിൽ ഓരോ മഴക്കാലവും ഭയപ്പാടോടെയാണ് ഇവർ കഴിയുന്നത്. വീട് ഇടിഞ്ഞുവീണാൽ മാത്രമേ സഹായിക്കാൻ കഴിയൂവെന്ന നിലപാടാണ് താലൂക്ക് അധികൃതർക്കെന്നും ഇവർ പറയുന്നു.
റവന്യു - പഞ്ചായത്ത് അധികൃതർ വിഷയം ഗൗരവമായെടുത്ത് കുടുംബങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ തഹസിൽദാർക്ക് നിവേദനം നൽകി.