baby
baby

കോലഞ്ചേരി: ഒരു നാടിന്റെ പ്രാർത്ഥനയ്ക്ക് ഫലം കാണുന്നു. ഒടുവിൽ

ജസീറ്റ അമ്മിഞ്ഞപ്പാൽ നുണഞ്ഞു. പിതാവിന്റെ ക്രൂരതയ്ക്കിരയായ അമ്പത്തിയെട്ടു ദിവസം പ്രായമുള്ള ജെസീറ്റ മേരി ഷൈജുവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം അറിയിച്ചു.

തലച്ചോറിനകത്ത് കെട്ടിക്കിടന്ന രക്തം ചെറിയ ട്യൂബു വഴി പുറത്തെത്തിക്കാൻ നടത്തിയ ഡോക്ടർമാരുടെ ശ്രമമാണ് വിജയം കണ്ടത്. ശസ്ത്രക്രിയ പൂർത്തിയായി ഒരു ദിവസം പിന്നിടുമ്പോൾ കുട്ടി മുലപ്പാൽ കുടിക്കാനാരംഭിച്ചു. കൈകാലുകൾ തനിയെ ചലിപ്പിക്കുന്നുണ്ട്. കരയുകയും കണ്ണുകൾ തനിയെ തുറക്കുകയും ചെയ്യുന്നു. മ​റ്റ് അസുഖങ്ങളുമില്ല. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശുഭസൂചനയായാണ് ഈ പ്രതികരണങ്ങളെ ഡോക്ടർമാർ കാണുന്നത്. ഇനി മരുന്നുകളിലൂടെ സാധാരണനില കൈവരിക്കണം. പരിക്കേറ്റ ശേഷം നിരന്തരമായി അപസ്മാരം വരുന്ന അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെ വേദന കൂടുമ്പോൾ മാത്രമാണ് പ്രതികരിച്ചിരുന്നത്. അടുത്ത 36 മണിക്കൂർ കൂടി നിർണായകമാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

പെൺകുഞ്ഞായതിനാലും പിതൃത്വത്തിലെ സംശയവും മൂലം അച്ഛൻ ഷൈജു തോമസ് കാലിൽ പിടിച്ചു ചുഴ​റ്റി കട്ടിലിലേക്ക് എറിഞ്ഞതായാണ് കുഞ്ഞിന്റെ അമ്മ നേപ്പാൾ സ്വദേശിനി സഞ്ജാ മയ പറയുന്നത്. ഷൈജു തോമസ് റിമാൻഡിലാണ്.