ആലുവ: പ്രളയഫണ്ട് തട്ടിപ്പിനെതിരെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണയ്ക്കിടെ നേതാക്കൾ തമ്മിൽ ഉന്തും തള്ളും. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ മുട്ടുകുത്തി സമരമാണ് സംഘടിപ്പിച്ചിരുന്നത്. മുട്ടിൽനിന്നും എഴുന്നേറ്റയുടനെയാണ് സംഭവം. പാർട്ടി പരിപാടികൾ അറിയിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച കുന്നത്തേരി സ്വദേശിയായ കോൺഗ്രസ് ബ്ളോക്ക് എക്സിക്യുട്ടീവ് അംഗവും മണ്ഡലം നേതാക്കളുമായിട്ടാണ് തർക്കം ആരംഭിച്ചത്. തർക്കം ഉന്തിലേക്കും തള്ളിലേക്കും വഴിമാറിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന നേതാക്കൾ ഇരുകൂട്ടരെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കമുണ്ടാക്കിയ ഇരുകൂട്ടരും എ ഗ്രൂപ്പുകാരാണ്.