malinyam
കിഴക്കെകടുങ്ങല്ലൂർ അമ്പലം കവലയിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രം കാടുകയറി മൂടിയ നിലയിൽ

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണം പാതി വഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം. കൊവിഡ്, ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങൾ വ്യാപകമാകുന്നതിനിടെയാണ് ശുചീകരണം മുടക്കിയത്. കിഴക്കെ കടുങ്ങല്ലൂരിൽ കഴിഞ്ഞമാസം മൂന്ന് ദിവസങ്ങളിലായി ചില കാനകളിൽ നിന്നും കുറച്ച് മണ്ണ് മാറ്റിയെന്നല്ലാതെ ഭൂരിപക്ഷം കാനകളും വൃത്തിയാക്കാതെ പുല്ലും ചെളിയും നിറഞ്ഞ് കിടക്കുകയാണ്.

ഏറെ ജനത്തിരക്കുള്ള കിഴക്കെ കടുങ്ങല്ലൂർ ക്ഷേത്രം കവലയിൽ വള്ളിപ്പടർപ്പുകൾ കയറി ബസ് കാത്തുനിൽപ്പുകേന്ദ്രം മൂടുകയും റോഡിലേക്ക് കാടുകൾ പടർന്ന് നിൽക്കുകയുമാണ്. ഇതിനാൽ കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. കാനക്ക് മുകളിലെ സ്ലാബുകൾ നീക്കി മണ്ണ് നീക്കം ചെയ്യാത്തതിനാൽ ശുചീകരണം വഴിപാടായി മാറി. മഴ ശക്തമായാൽ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം. നിർത്തിവച്ച ശുചീകരണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് റെസിഡന്റ് അസോസിയേഷൻ മേഖല ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു.