തൃക്കാക്കര : പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളി. റിമാൻഡി​ലായിരുന്ന വിഷ്ണു പ്രസാദ് കുറ്റപത്രം സമർപ്പി​ക്കാതി​രുന്നതി​നെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

പിന്നാലെയാണ് ജില്ലാ ഭരണ കൂടം നൽകിയ രണ്ടാമത്തെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തത്. പ്രളയ ദുരിതബാധിതർക്ക് അനുവദിച്ച തുകയി​ൽ നി​ന്ന് താൽക്കാലിക കൈപ്പറ്റ് രസീത് ഉപയോഗിച്ച് 73 ലക്ഷം രൂപ തട്ടിയെടുത്തതാണ് രണ്ടാം കേസ്.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും,ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

# യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.

കേസി​ലെ മൂന്നാം പ്രതി​ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവറിനെ കഴിഞ്ഞ ദിവസം വിജിലൻസ് കോടതിയി​ൽ ഹാജാരാക്കുന്നതിനിടെ കോടതി പരിസരത്ത് പ്രതിഷേധിച്ച കണ്ടാലറി​യാവുന്ന അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കി​, കോടതി പരിസരത്ത് ഒത്തുകൂടി സംഘർഷമുണ്ടാക്കി തുടങ്ങിയവയാണ് കുറ്റങ്ങൾ.

മൂന്ന് മാസത്തിലേറെയായി ഒളി​വിലായിരുന്ന അൻവറിനെ തി​ങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കി​യത്.

# കൗലത്തിനെ ചോദ്യം ചെയ്തു

കേസിലെ നാലാം പ്രതിയും അയ്യനാട് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും മൂന്നാം പ്രതി​ അൻവറി​ന്റെ ഭാര്യയുമായ കൗലത്ത് അൻവറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എറണാകുളത്തെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയായി​രുന്നു ഇത്.

ഇവർക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.എന്നാൽ ഇവരുടെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പൊലീസ്.

# അൻവറിനെ തെളിവെടുപ്പിനായി ബാങ്കിലെത്തിക്കും

അൻവറിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്ന് അയ്യനാട് ബാങ്കിൽ കൊണ്ടുവരും. 10,54,000 രൂപ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായി​രുന്ന എം.എം. അൻവറിന്റെ അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ചതാണ് കേസ്. അൻവറി​നെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. നിലംപതിഞ്ഞി മുകളിലെ വീട്ടിലും തെളിവെടുപ്പ് നടത്തും.

# നീതു ഒളിവിൽ തന്നെ

കേസിലെ അഞ്ചാം പ്രതിയും രണ്ടാം പ്രതിയുമായ മഹേഷിന്റെ ഭാര്യയുമായി​ നീതു ഇപ്പോഴും ഒളിവിൽ തന്നെ. മുൻ‌കൂർ ജാമ്യത്തിനായി നീതു പലതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായി​ല്ല. കേസി​ൽ ഇവർ മാത്രമാണ് ഇനി​ അറസ്റ്റി​ലാകാനുള്ളത്.